'സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്', നോ എന്നാല്‍ നോ എന്നു തന്നെയാണെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കണം: ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 21st January 2023 10:46 AM |
Last Updated: 21st January 2023 10:46 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സ്‌കൂളുകളിലും വീടുകളിലും വച്ചാണ് ഈ പാഠം പകര്‍ന്നുനല്‍കേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിരീക്ഷണം. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണമെന്ന് കോടതി പറഞ്ഞു. നോ എന്നാല്‍ നോ എന്നു തന്നെയാണ് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. നിസ്വാര്‍ഥവും മാന്യവുമായി പെരുമാറാന്‍ സമൂഹം അവരെ പര്യാപ്തരാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
സ്്ത്രീകളെ ആദരിക്കുകയെന്നത് പഴഞ്ചന്‍ ശീലമല്ല, അത് എക്കാലത്തേക്കുമുള്ള നന്മയാണ്. സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്. നോ എന്നാല്‍ നോ എന്നു തന്നെയാണെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കിയേ തീരൂ. പുരുഷത്വം എന്ന സങ്കല്‍പ്പം ഇപ്പോള്‍ ഏറെ മാറിയിട്ടുണ്ട്, അത് ഇനിയും മാറേണ്ടതുണ്ട്, സെക്‌സിസം സ്വീകാര്യമായ ഒന്നല്ലെന്ന് കോടതി പറഞ്ഞു.
മറ്റുള്ളവരെ ആദരിക്കുകയെന്നത് ചെറുപ്പത്തില്‍ ശീലിപ്പിച്ചെടുക്കേണ്ട ഒന്നാണ്. സ്ത്രീയെ ആദരിക്കുമ്പോള്‍ ഒരാളുടെ കരുത്തു കൂടുകയാണ് ചെയ്യുന്നത്. ഒരാള്‍ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നുവെന്നതില്‍നിന്ന് അയാളെ എങ്ങനെ വളര്‍ത്തിയെന്നും അയാളുടെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്നും മനസ്സിലാവും. യഥാര്‍ഥ പുരുഷന്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവന്‍ അല്ലെന്നു കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്നതു പുരുഷത്വത്തിന്റെ ലക്ഷണമല്ല. മറിച്ച് ദുര്‍ബലനാണ് ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നതെന്ന് അവര്‍ മനസ്സിലാക്കണം- കോടതി അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ