കൂറുമാറ്റ നിരോധന നിയമം: മൂന്ന് അംഗങ്ങളെ അയോഗ്യരാക്കി 

കൂറുമാറ്റം ആരോപിച്ച് സമര്‍പ്പിച്ച മറ്റ് മൂന്നു പരാതികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി ഉത്തരവായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമ പ്രകാരം പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മുന്‍കൗണ്‍സിലര്‍ റ്റി എല്‍  സാബു എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അയോഗ്യരാക്കി.

മങ്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലില്‍ പഞ്ചായത്ത് അംഗമായ വസന്തകുമാരിക്ക് അംഗമായി തുടരുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2023 ജനുവരി 17 മുതല്‍ ആറു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ച് എല്‍ഡിഎഫ് പിന്തുണയോടെ പിന്നീട് വൈസ് പ്രസിഡന്റുമായി. നിലവില്‍ മങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമാകും. മങ്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗമായ എം വി  രമേശിന്റെ പരാതി തീര്‍പ്പാക്കിയാണ് കമ്മീഷന്റെ ഉത്തരവ്.

കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ 2015-20 കാലയളവില്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ 2015 ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. തുടര്‍ന്ന് 2018 ല്‍ ജൂണ്‍ 25 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിപ്പ് ലംഘിച്ച് മത്സരിച്ചതിനാലാണ് അയോഗ്യത കല്‍പ്പിച്ചത്. ഉത്തരവ് തീയതി മുതല്‍ ആറ് വര്‍ഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ദേവസ്യ ദേവസ്യക്ക് മത്സരിക്കാന്‍ കഴിയില്ല. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് അംഗം സിബി കുഴിക്കാട്ടിന്റെ പരാതിയിന്മേലാണ് കമ്മീഷന്‍ വിധി പ്രസ്താവിച്ചത്.

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറും മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന റ്റി എല്‍ സാബു കേരള കോണ്‍ഗ്രസ്സ് (എം) ന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്നു. 2018 ലെ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ചു. തുടര്‍ന്ന് രാജി വെക്കുവാന്‍ കേരള കോണ്‍ഗ്രസ്സ് (എം) ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നിര്‍ദേശത്തിന് വിപരീതമായി അദ്ദേഹം എല്‍ഡിഎഫ് പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍മാനായി തുടര്‍ന്നതാണ് അയോഗ്യനാകാന്‍ കാരണം. കേരള കോണ്‍ഗ്രസ് (എം) വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യയുടെ പരാതിയിന്മേലാണ് കമ്മീഷന്റെ വിധിപ്രസ്താവം. ഉത്തരവ് തീയതി മുതല്‍ ആറ് വര്‍ഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കഴിയില്ല.

കൂറുമാറ്റം ആരോപിച്ച് സമര്‍പ്പിച്ച മറ്റ് മൂന്നു പരാതികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി ഉത്തരവായി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് അംഗം എസ് ശ്രീധരനെതിരെ പതിനേഴാം വാര്‍ഡ് അംഗം ബിനുകുമാര്‍ നല്‍കിയ ഹര്‍ജിയും റാന്നി പഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗം ശോഭാ ചാര്‍ളിക്കെതിരെ പന്ത്രണ്ടാം വാര്‍ഡംഗം കെ ആര്‍  പ്രകാശ് നല്‍കിയ ഹര്‍ജിയും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് അംഗം സൗമ്യ വലിയവീട്ടിലിനെതിരെ പതിനൊന്നാം വാര്‍ഡ് അംഗം ബാലു കുളങ്ങരത്ത് നല്‍കിയ ഹര്‍ജിയുമാണ് തള്ളിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com