ദൗത്യം വിജയം; പി ടി സെവനെ തളച്ചു; ഇനി ധോണിയിലെ കൂട്ടില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2023 12:40 PM  |  

Last Updated: 22nd January 2023 12:44 PM  |   A+A-   |  

pt_seven_new

പിടി സെവനെ ലോറിയില്‍ കയറ്റുന്നു/ ടിവി ദൃശ്യം

 

പാലക്കാട്: പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പിടി സെവനെ പിടിക്കാനുള്ള ദൗത്യം വിജയം. മയക്കു വെടിവെച്ച് തളച്ച പിടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി. കൊമ്പനെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലെത്തിക്കും. ധോണിയില്‍ ആനയെ പാര്‍പ്പിക്കാനുള്ള കൂട് ഒരുക്കിയിട്ടുണ്ട്. 

140 യൂക്കാലിപ്റ്റസ് മരം കൊണ്ടുള്ള കൂടാണ് ഒരുക്കിയിട്ടുള്ളത്. കൂടിന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയിട്ടുണ്ട്. ആന കൂട് തകര്‍ക്കാന്‍ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്റ്റസ് ആയതിനാല്‍ ചതവേ ഉണ്ടാകൂ. ആനക്കൂട്ടിലേക്കുള്ള റാമ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുങ്കിയാനകളുടെ കൂടി സഹായത്തോടെ പിടി സെവനെ കൂട്ടിലേക്ക് മാറ്റും.

മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ ലോറിയില്‍ കയറ്റിയത്. ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയായിരുന്നു. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്ത ശേഷമാണ് ലോറിയിലേക്ക് കയറ്റിയത്. 

ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കും ഇടയിലെ വനാതിര്‍ത്തിക്കടുത്തു വച്ചാണ് പിടി സെവനെ മയക്കുവെടിവച്ചത്. രാവിലെ 7.10നും 7.15നും ഇടയിലാണ് പിടി സെവന് മയക്കുവെടി വെച്ചത്. ഇടതു ചെവിക്കു താഴെ മുന്‍കാലിന് മുകളിലായാണ് കൊട്ടുകൊമ്പന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കിയത്. 

ആനയെ തളച്ചതില്‍ ധോണിയിലെ നാട്ടുകാര്‍ സന്തോഷം പ്രകടിപ്പിച്ചു. വനംവകുപ്പിനോടും ദൗത്യസംഘത്തോടും നന്ദി അറിയിച്ചു. ഏറെ നാളുകളായി പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച് നാട്ടിലിറങ്ങി പ്രദേശവാസികളെ ഭീതിയാഴ്ത്തി വരികയായിരുന്നു പി ടി സെവന്‍. പ്രഭാതസവാരിക്കിറങ്ങിയെ ഒരാളെ ആന കൊല്ലുകയും, നാട്ടിലെ കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം വരുന്നു; വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ