ഡോ. അരുണ്‍ സക്കറിയക്കും ദൗത്യസംഘത്തിനും ബിഗ് സല്യൂട്ട്; പി ടി സെവന്‍ വനംവകുപ്പിന്റെ സ്വത്ത്: മന്ത്രി ശശീന്ദ്രന്‍

വലിയ നേട്ടങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി
പി ടി സെവന്‍, മന്ത്രി ശശീന്ദ്രന്‍
പി ടി സെവന്‍, മന്ത്രി ശശീന്ദ്രന്‍

പാലക്കാട് : ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പിടി സെവനെ തളച്ച ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയ ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയക്കും, ദൗത്യസംഘത്തിനും ബിഗ് സല്യൂട്ട്. ഇതില്‍ പങ്കാളികളായ ദൗത്യസംഘം, നാട്ടുകാര്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ധോണിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ വനംവകുപ്പിന് ഫലപ്രദമായി ഇടപെടാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് ഈ ഓപ്പറേഷന്‍. വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ മുതല്‍ താഴേത്തലത്തിലുള്ള ജീവനക്കാര്‍ വരെ കാണിച്ച മനോധൈര്യവും അര്‍പ്പണബോധവും അവര്‍ക്കല്ല, ഞങ്ങള്‍ക്കാണ് അഭിമാനമുണ്ടാക്കിയത്. സര്‍ക്കാരിന് അഭിമാനിക്കാന്‍ കഴിയുന്ന ഓപ്പറേഷന്‍ കാഴ്ചവെക്കാന്‍ അവരാണ് ശ്രമിച്ചിട്ടുള്ളത്. 

ജനങ്ങളോടും വളരെയേറെ നന്ദിയുണ്ട്. എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെ ഓരോഘട്ടത്തിലും വിവരങ്ങള്‍ അറിയിക്കുന്നുണ്ടായിരുന്നു. ഡിഎഫ്ഒയും സിസിഎഫും ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഇവിടെ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കുകയും അഭിപ്രായം തേടുകയും ചെയ്തു. വലിയ ഒത്തൊരുമയോടുകൂടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്, നാടിനെയാകെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിയും എന്ന ധിക്കാരത്തോടു കൂടി ജനങ്ങളെ വെല്ലുവിളിച്ച കാട്ടുകൊമ്പനെ മയക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞത്. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഉദാഹരണങ്ങളിലൊന്നാണ് ഈ ഓപ്പറേഷനെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മൂന്നുഘട്ടമായി നടത്തിയ ഓപ്പറേഷന്‍ കുറ്റമറ്റതായിരുന്നു.  ആനയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പിടികൂടിയ പി ടി സെവനെന്ന കാട്ടുകൊമ്പനെ വനംവകുപ്പിന്റെ സ്വത്തായി സംരക്ഷിക്കാനാണ് ആലോചിക്കുന്നത്.

വലിയ നേട്ടങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആനയെ കോന്നിയിലേക്ക് മാറ്റുമെന്നാണ് പ്രചാരണം. അത്തരമൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഇവിടെ ഈ ആനയെ പരിചരിച്ച് മെരുക്കി എടുക്കാനാണ് വനംവകുപ്പ് ആഗ്രഹിക്കുന്നത്. അങ്ങനെ മെരുക്കിയെടുത്ത ശേഷം ഈ ആനയുടെ സേവനമോ സഹായമോ എവിടെയാണ് വേണ്ടത്, അവിടെ ഉപയോഗിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com