പൊലീസുകാരന്റെ മകളുമായി സൗഹൃദം, സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; ദക്ഷിണമേഖല ഡിഐജി റിപ്പോര്‍ട്ട് തേടി

ചവറയില്‍ 21കാരന്‍ ജീവനൊടുക്കിയത് പൊലീസ് പീഡനം മൂലമെന്ന പരാതിയില്‍ ദക്ഷിണമേഖല ഡിഐജി റിപ്പോര്‍ട്ട് തേടി
പൊലീസ് സ്റ്റേഷന് മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം, അശ്വന്ത് വിജയന്‍
പൊലീസ് സ്റ്റേഷന് മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം, അശ്വന്ത് വിജയന്‍

കൊല്ലം: ചവറയില്‍ 21കാരന്‍ ജീവനൊടുക്കിയത് പൊലീസ് പീഡനം മൂലമെന്ന പരാതിയില്‍ ദക്ഷിണമേഖല ഡിഐജി റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന്റെ ഭാഗമായി അഡീഷണല്‍ കമ്മീഷണര്‍ സോണി ഉമ്മന്‍ കോശി ചവറ സ്‌റ്റേഷനിലെത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം.പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തതിന് പിന്നാലെ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.  ചവറ കുരിശുംമൂട് സ്വദേശി അശ്വന്ത് വിജയനാ(22)ണ് മരിച്ചത്. ചവറ സ്വദേശിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായിരുന്നതിന്റെ പേരില്‍ അശ്വന്തിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചവറ പൊലീസ് അശ്വന്തിനെ വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

കൂട്ടുകാര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ അശ്വന്തിന്റെ ഫോണ്‍ സ്റ്റേഷനില്‍ പിടിച്ചുവെച്ചതായി പരാതിയില്‍ പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ വിഷമത്തില്‍ അശ്വന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ പോക്സോ അടക്കമുള്ള കേസുകളില്‍പ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി അശ്വന്ത് പറഞ്ഞിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് സുഹൃത്തുക്കള്‍ അശ്വന്തിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി. ചവറ പോലീസിനെതിരേ അന്വേഷണം വേണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ചവറ എംഎല്‍എ ഡോ. സുജിത് വിജയന്‍പിള്ള അടക്കമുള്ളവര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താമെന്ന ഉറപ്പിന്മേല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

ബന്ധുക്കളുടെ പരാതിയില്‍ അഡീഷണല്‍ കമ്മീഷണര്‍ സോണി ഉമ്മന്‍ കോശിയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുക. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് സോണി ഉമ്മന്‍ കോശിക്ക് അന്വേഷണ ചുമതല നല്‍കിയത്.സോണി ഉമ്മന്‍ കോശി നാളെ ദക്ഷിണമേഖല ഡിഐജിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണത്തിന്റെ ഭാഗമായി ചവറ സ്‌റ്റേഷനിലെത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ സോണി ഉമ്മന്‍ കോശി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അശ്വന്തിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കുക മാത്രമാണ് ചെയ്തതെന്ന് ചവറ പൊലീസ് പറഞ്ഞു. മാനസികമായോ ശാരീരികമായോ യുവാവിനെ വേദനിപ്പിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com