കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശശി തരൂരിന് മാത്രമേ കഴിയൂ; 2026 ഓടെ എ-ഐ ഗ്രൂപ്പുകള്‍ അപ്രത്യക്ഷമാകും:  അഡ്വ. ജയശങ്കര്‍

ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തില്‍ വരില്ലെന്നാണ് ബഹുഭൂരിപക്ഷവും വിചാരിക്കുന്നത്
അഡ്വ. ജയശങ്കര്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
അഡ്വ. ജയശങ്കര്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

കൊച്ചി: നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശശി തരൂരിന് മാത്രമേ കഴിയൂവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. എല്ലാത്തരത്തിലുള്ള ആളുകളെയും ആകര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖം എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അഡ്വ. ജയശങ്കര്‍. 

ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തില്‍ വരില്ലെന്നാണ് ബഹുഭൂരിപക്ഷവും വിചാരിക്കുന്നത്. എന്നാല്‍ നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ട്ടിയെ രക്ഷിക്കാനുള്ള ശേഷിയുണ്ടെന്ന് ജനങ്ങള്‍ കരുതുന്നില്ല. അതിനാല്‍ അവര്‍ ശശി തരൂരിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അദ്ദേഹത്തിന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അഡ്വ. ജയശങ്കര്‍ പറഞ്ഞു. 

2026 ഓടെ ശശി തരൂര്‍ അനിഷേധ്യനായ നേതാവായി മാറും. കോണ്‍ഗ്രസിലെ നിലവിലെ എ-ഐ ഗ്രൂപ്പുകള്‍ അപ്പോള്‍ അപ്രത്യക്ഷമാകും. തരൂര്‍ ഗ്രൂപ്പ്, തരൂര്‍ വിരുദ്ധ ഗ്രൂപ്പ് എന്നിവയാകും അപ്പോഴുണ്ടാകുകയെന്നും അഡ്വ, ജയശങ്കര്‍ അഭിപ്രായപ്പെട്ടു. 2026 വരെ തരൂര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അതൊരു വലിയ ചോദ്യമാണെന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതു വരെ തരൂര്‍ പാര്‍ട്ടിയിലുണ്ടാകുമെന്നും ജയശങ്കര്‍ പറഞ്ഞു.

മറ്റു സാധ്യതകളും ഉണ്ടെന്ന ശശി തരൂരിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, തരൂരിന് നിരവധി ഓപ്ഷനുകള്‍ ഉണ്ടായിരിക്കാം, എന്നാല്‍ ആളുകള്‍ക്ക് ഇത്രയധികം ഓപ്ഷനുകള്‍ ഉണ്ടോ എന്നതാണ് ചോദ്യം എന്ന് ജയശങ്കര്‍ പറഞ്ഞു. യുഡിഎഫിനെ അപേക്ഷിച്ച് ഇടതുഭരണകാലത്ത് കാര്യക്ഷമത കൂടുതലും അഴിമതി കുറവുമാണ്. അതേസമയം ക്രമസമാധാന പ്രശ്‌നം, രാഷ്ട്രീയ അക്രമം തുടങ്ങിയ എല്‍ഡിഎഫ് ഭരണകാലത്ത് കൂടുതലാണെന്നും ജയശങ്കര്‍ പറഞ്ഞു. 

രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ രാഹുല്‍ഗാന്ധി അത്ര താഴ്ന്ന നേതാവല്ല. എന്നാല്‍ കൃത്യമായ ഉപദേശം രാഹുലിന് ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. കോണ്‍ഗ്രസിന്റെ സംഘടനാശേഷി വളരെ ദുര്‍ബലമാണെന്നും ജയശങ്കര്‍ പറഞ്ഞു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ആരും വിചാരിക്കുന്നില്ല. അതേസമയം കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍, ബിജെപിക്കെതിരായ പോരാട്ടം എന്ന നിലയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ടെന്നും അഡ്വ. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com