മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2023 07:38 AM |
Last Updated: 29th January 2023 08:03 AM | A+A A- |

പുലി വലയില്‍ കുടുങ്ങിയ നിലയില്‍/ ടിവി ദൃശ്യം
പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴിക്കൂടിന്റെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലായിരുന്നു പുലി.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പുലി കോഴിക്കൂട്ടില്‍ കുടുങ്ങിയത്. അഞ്ചു മണിക്കൂറിലേറെ പുലി വലയില്‍ കുടുങ്ങിക്കിടന്നു. പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം അടക്കമുള്ള നടപടികള്‍ തീരുമാനിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഹൃദയാഘാതം ആകാം മരണകാരണമെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇരുമ്പു വലയില്‍ കുരുങ്ങിയ പുലിയുടെ കാലിന് മുറിവേറ്റിരുന്നു. കോഴികളുടെ ബഹളം കേട്ട് എത്തിയപ്പോഴാണ് വീട്ടുടമ പുലിയെ കണ്ടത്.
നായയുടെ ആക്രമണമാണെന്ന വിചാരത്തില്‍ ഫിലിപ്പ് കോഴിക്കൂടിന് സമീപത്തെത്തിയിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് ഗൃഹനാഥന്‍ രക്ഷപ്പെട്ടത്. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ സ്ഥലത്തെത്തിയശേഷം മയക്കുവെടി വെച്ച് പുലിയെ പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ അടൂര്‍ റെസ്റ്റ് ഹൗസ് ക്വട്ടേഷന്‍ മര്‍ദനം; ജീവനക്കാരനെ പിരിച്ചുവിട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ