സ്പീഡിൽ ഓടാൻ കേരളം; ട്രെയിനുകളുടെ വേ​ഗത 130 കിലോമീറ്ററിലേക്ക്

മംഗളൂരു- ഷൊർണൂർ റൂട്ടിൽ 2025-ലും ഷൊർണൂർ- തിരുവനന്തപുരം റൂട്ടിൽ (ആലപ്പുഴ വഴി) 2026ലും പ്രവർത്തനങ്ങൾ പൂർത്തിയാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേ​ഗത വർധിപ്പിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ 2026ഓടെ പൂർത്തിയാകും. മണിക്കൂറിൽ 130 കിലോമീറ്റർ വേ​ഗതയിലായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക. മംഗളൂരു- ഷൊർണൂർ റൂട്ടിൽ 2025-ലും ഷൊർണൂർ- തിരുവനന്തപുരം റൂട്ടിൽ (ആലപ്പുഴ വഴി) 2026ലും പ്രവർത്തനങ്ങൾ പൂർത്തിയാകും. അതേസമയം തിരുവനന്തപുരം- കോട്ടയം റൂട്ടിലെ വേഗം എപ്പോൾ 130 കിലോമീറ്ററാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

പാളം മാറ്റി സ്ഥാപിക്കൽ, വളവുകൾ ഇല്ലാതാക്കൽ, പാലങ്ങൾ ബലപ്പെടുത്തൽ, ഒട്ടോമാറ്റിങ് സിഗ്‌നലിങ് സംവിധാനം നവീകരിക്കൽ, വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണി, കൂടുതൽ യാത്രക്കാർ പാളം മുറിച്ചു കടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് 2022 ഏപ്രിലിലാണ്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ. 

മംഗളൂരു- ഷൊർണൂർ ഭാഗത്ത് 110 കിലോമീറ്റർ വേഗത്തിലും ഷൊർണൂർ- പോത്തന്നൂർ റൂട്ടിൽ 90 കിലോമീറ്റർ വേഗത്തിലുമാണിപ്പോൾ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഈ റൂട്ടുകളിൽ 2025 മാർച്ചോടെയാണ് വേഗം 130 കിലോമീറ്ററാക്കുക.

തിരുവനന്തപുരം- ഷൊർണൂർ റൂട്ടിൽ ഘട്ടം ഘട്ടമായാണ് വേഗം വർധിപ്പിക്കുക. തിരുവനന്തപുരം- കായംകുളം റൂട്ടിൽ വേഗം 100ൽ നിന്ന് 110 കിലോമീറ്ററായും കായംകുളം- തൂറവൂർ റൂട്ടിൽ 90ൽ നിന്ന് 110 കിലോമീറ്ററായും എറണാകുളം- ഷൊർണൂർ റൂട്ടിൽ 80 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായും ആദ്യ ഘട്ടത്തിൽ വേ​ഗത വർധിപ്പിക്കും. തുടർന്ന് 130 കിലോമീറ്ററാക്കും.

മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കോട്ടയം, ആലപ്പുഴ വഴി) ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായി വർധിപ്പിക്കാനുള്ള സാധ്യതാ പഠനം നടക്കുകയാണെന്നു ദക്ഷിണ റെയിൽവേ അധികൃതർ വ്യക്തമാക്കി. സാധ്യതാ പഠനം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്നാണ് കരുതുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com