

കൊച്ചി: എറണാകുളം മരടിലെ ഫ്ളാറ്റിൽ മകന്റെ വെട്ടേറ്റു മരിച്ച അമ്മയുടെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ താമസിക്കുന്ന 77 വയസ്സുള്ള അച്ചാമ്മ ഏബ്രഹാമിനെയാണ് മകൻ വിനോദ് (52) കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ അച്ചാമ്മയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. എറണാകുളം ഗവ.മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
മുറികളാകെ അലങ്കോലപ്പെട്ട നിലയിൽ
പ്രതിയായ മകൻ വിനോദ് ഏബ്രഹാമിനെ കോടതി റിമാൻഡ് ചെയ്തു. സംഭവം നടന്ന അപ്പാർട്മെന്റിലെ മുറികളാകെ അലങ്കോലപ്പെട്ട നിലയിലാണ് ഉള്ളത്. എസിയും ഫ്രിഡ്ജും അടക്കമുള്ള ഗൃഹോപകരണങ്ങൾ നശിപ്പിച്ചിട്ടിരിക്കുകയാണ്. സീലിങ് ഫാൻ വളച്ചുമടക്കി. അച്ചാമ്മ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിലാണു കണ്ടെത്തിയത്. വീട്ടിലെ എല്ലാ പൈപ്പുകളും തുറന്നിട്ടിരിക്കുകയുമായിരുന്നു.
അമ്മ ഗോസിപ്പ് പറഞ്ഞു നടക്കുന്നെന്ന് സംശയം
വിനോദ് എൽഎൽബി ബിരുദധാരിയാണെങ്കിലും പ്രാക്ടീസ് ചെയ്തിരുന്നില്ല. പല ദിവസങ്ങളിലും പുറത്തുനിന്ന് ഭക്ഷണം വരുത്തിയാണ് കഴിച്ചിരുന്നത്. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങി നശിപ്പിച്ചു കളയുന്നത് ഇയാൾ ശീലമാക്കിയിരുന്നു. അമ്മ തന്നെക്കുറിച്ച് അയൽക്കാരോട് ഗോസിപ്പ് പറഞ്ഞിരുന്നതായി വിനോദ് സംശയിച്ചിരുന്നെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇതേത്തുടർന്നാണ് വിനോദും അച്ചാമ്മയും തമ്മിൽ വഴക്കുണ്ടായത്. വഴക്ക് ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.
12 വർഷം മുൻപാണു തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും മരടിൽ താമസം തുടങ്ങിയത്. അച്ചാമ്മയുടെ ഭർത്താവ് ഏബ്രഹാം 35 വർഷം മുൻപ് മരിച്ചതാണ്. മകൾ വിനീത ഓസ്ട്രേലിയൻ പൗരത്വം നേടി. മറ്റൊരു മകൾ വർഷങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates