അടുത്ത വര്‍ഷമെങ്കിലും മരണം ഇല്ലാതാകുമോ?; മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം; ഷോ വേണ്ടെന്ന് ആന്റണി രാജു

മന്ത്രിമാര്‍ തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദര്‍ യുജീന്‍ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്.
മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ നാട്ടുകാര്‍ തടയുന്നു/ ടെലിവിഷന്‍ ചിത്രം
മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ നാട്ടുകാര്‍ തടയുന്നു/ ടെലിവിഷന്‍ ചിത്രം


തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ക്കുനേരെ പ്രതിഷേധവുമായി നാട്ടുകാര്‍. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാദൗത്യം വൈകുന്നു എന്നാരോപിച്ചായിരുന്നു മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാര്‍ സ്ഥലത്തുനിന്ന് മടങ്ങി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ അപകടം പതിവാണ്. അടുത്ത വര്‍ഷമെങ്കിലും മരണം ഇല്ലാതാകുമോ എന്ന് തൊഴിലാളികള്‍ മന്ത്രിമാരോട് ചോദിച്ചു. നിരന്തരം അപകടം നടക്കുന്ന പ്രദേശമാെണങ്കിലും എന്തുകൊണ്ടാണ് അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഒരുക്കാത്തതെന്നും നാട്ടുകാര്‍ ചോദിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞതായും ആക്ഷേപമുണ്ട്. 

സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരെ തടയാന്‍ ഫാദര്‍ യുജീന്‍ പേരേര ആഹ്വാനം ചെയ്‌തെന്നും ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തി. ഡോണിയര്‍ വിമാനം, ഹെലികോപ്റ്റര്‍ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡ്, ലോക്കല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികള്‍ തിരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു.

ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് മന്ത്രിമാര്‍ സശ്രദ്ധം കേട്ടു. സ്‌കൂബാ ഡൈവേഴ്‌സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തില്‍ മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. മന്ത്രിമാര്‍ തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദര്‍ യുജീന്‍ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉടന്‍ ഫാദര്‍ യുജീന്‍ പെരേര മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. നാട്ടുകാര്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com