പ്രിയനേതാവിനെ കാണാന്‍ ജനസാഗരം; കണ്ണീരില്‍ കുതിര്‍ന്ന് തലസ്ഥാനം; അന്ത്യാഭിവാദ്യം

ജനനേതാവിന്റെ വിയോഗത്തില്‍ വിതുമ്പി കേരളം
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര


തിരുവനന്തപുരം:  ജനനേതാവിന്റെ വിയോഗത്തില്‍ വിതുമ്പി കേരളം. അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി വസതിയല്‍ എത്തിയത്. 

പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി വിലാപയാത്ര കടന്നുപോകുന്ന വഴിയരികില്‍ കാത്തുനിന്നത്. സിപിഎം നേതാവ് പി ജയരാജന്‍ വിലാപയാത്രയ്ക്കിടെ ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അദ്ദേഹത്തിന് പുഷ്പചക്രം സമര്‍പ്പിക്കാനായി വാഹനവ്യൂഹം അല്‍പസമയം നിര്‍ത്തി.

ആറരയോടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിനു വയ്ക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരെല്ലാം ദര്‍ബാര്‍ഹാളില്‍ മുന്‍മുഖ്യമന്ത്രിക്ക് അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനം. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും

സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകള്‍.

മുന്‍മന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com