'ഗ്ലാസ് പൊട്ടിക്കരുത് പ്ലീസ്...'; കൈകൂപ്പി നേതാക്കള്‍; കൊട്ടാരക്കരയില്‍ അണപൊട്ടി ജനക്കൂട്ടം, അത്രമേല്‍ വൈകാരികം ഈ യാത്ര

രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്
വിലാപയാത്ര കൊട്ടാരക്കര എത്തിയപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്
വിലാപയാത്ര കൊട്ടാരക്കര എത്തിയപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്

'പ്രിയപ്പെട്ടവരെ...നിങ്ങള്‍ ഗ്ലാസ് പൊട്ടിക്കരുത്, നമ്മുടെ യാത്ര മുടങ്ങും...എല്ലാവര്‍ക്കും കാണാം...സമയം തരൂ...' ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശ് എംപിക്ക് മൈക്കിലൂടെ അനൗണ്‍സ് ചെയ്യേണ്ടിവന്നു... അണപൊട്ടിയ മനുഷ്യക്കൂട്ടം പ്രിയപ്പെട്ട നേതാവുമായി എത്തിയ വാഹനം പൊതിഞ്ഞു... പൊലീസും നേതാക്കളും നിസ്സഹായരാകുന്ന കാഴ്ച...

രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെ കാത്തുനിന്നത്. വാഹനം എത്തിയതോടെ ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെ പൊതിയുകയായിരുന്നു. വാഹനത്തിനുള്ളുലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളുമായി ജനങ്ങളോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. 

എന്നിട്ടും പിരിഞ്ഞുപോകാതെ ജനങ്ങള്‍ തങ്ങളുടെ പ്രിയ നേതാവിനെ കാണാനായി തിക്കി തിരക്കി. പ്രാദേശിക നേതാക്കളും പൊലീസും ജനങ്ങളെ നിയന്ത്രിക്കാന്‍ പെടാപ്പാടുപെട്ടു. വിലാപയാത്ര കടന്നുവന്ന വഴികളിലെല്ലാം സമാന സാഹചര്യമായിരുന്നു. പക്ഷേ, കൊട്ടാരക്കരയില്‍ അതിവൈകാരിക പ്രകടനങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് രാവിലെ ഏഴു മണിയോടെ ആരംഭിച്ച വിലാപയാത്ര തിരുവനന്തപുരം ജില്ല താണ്ടാനെടുത്ത സമയം എട്ടു മണിക്കൂറിന് പുറത്താണ്. ഓരോ ചെറു കവലകളിലും ജനം തിങ്ങിനിറഞ്ഞുനിന്നു. പ്രിയ നേതാവിനെ അവസാനമായി കാണാനെത്തുന്ന ജനങ്ങളെ നിരാശരാക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചതോടെ എല്ലാപേര്‍ക്കും കാണാനുള്ള അവസരം ഒരുക്കിയാണ് വിലാപയാത്ര സഞ്ചരിച്ചത്.ആയൂരില്‍ അണമുറിയാതെ മഴ പെയ്തിട്ടും പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാനായി ജനം തിങ്ങി നിറഞ്ഞു.

പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസില്‍ ഉമ്മന്‍ചാണ്ടിയുടെ അവസാന യാത്രയ്ക്ക് കൂട്ടായി കുടുംബാങ്ങളും കോണ്‍ഗ്രസ് നേതാക്കളുമുണ്ട്.വഴിയോരങ്ങളില്‍ കാത്തുനിന്ന ജനങ്ങള്‍, തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കി. പ്രിയ നേതാവിനെ അവസാനമായി കണ്ടപ്പോള്‍ സങ്കടം ഉള്ളിലൊതുക്കാനാകാതെ പൊട്ടിക്കരഞ്ഞവരും ഏറെ.

ഇന്ന് വൈകുന്നേരത്തോടെ കോട്ടയത്തെ തിരുനക്കര മൈതാനത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കൊല്ലം ജില്ല പോലും താണ്ടാത്ത സാഹചര്യത്തില്‍ ഇവിടേക്ക് എത്താന്‍ അര്‍ധരാത്രി കഴിയും എന്നാണ് കണക്കുകൂട്ടുന്നത്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നാളെ വൈകുന്നേരം 3.30നാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com