മണിപ്പൂരില്‍ ആസൂത്രിത ക്രൈസ്തവ വേട്ട; കലാപഭൂമി ആക്കിയത് സംഘപരിവാര്‍ അജണ്ട: മുഖ്യമന്ത്രി

By സമകാലികമലയാളം ഡെസ്ക്   |   Published: 22nd July 2023 05:43 PM  |  

Last Updated: 22nd July 2023 05:43 PM  |   A+A-   |  

pinarayi-manipur

മണിപ്പൂര്‍ കലാപത്തിന് എതിരായ പ്രതിഷേധം, മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവില്‍ മണിപ്പൂരില്‍ നടക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങള്‍ സംഘടിതമായി ആക്രമിച്ചു തകര്‍ക്കപ്പെടുന്ന നിലയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മണിപ്പൂരില്‍ നിന്ന് അനുദിനം സ്‌തോഭജനകമായ വാര്‍ത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേല്‍പ്പിച്ചുകൊണ്ട് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകള്‍ ആള്‍ക്കൂട്ട കലാപകാരികളാല്‍ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

മണിപ്പൂരിലെ പര്‍വത-താഴ്വര നിവാസികള്‍ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങള്‍ക്കുമേല്‍ എരിതീയില്‍ എണ്ണയൊഴിച്ച് അതിനെ വര്‍ഗ്ഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവില്‍ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങള്‍ സംഘടിതമായി ആക്രമിച്ചു തകര്‍ക്കപ്പെടുന്ന നിലയാണ്.

സമാധാനം പുനഃസ്ഥാപിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. മണിപ്പൂര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാര്‍ അജണ്ടയും ശക്തമായി വിമര്‍ശിക്കപ്പെടുകയാണ്. വര്‍ഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം.-മുഖ്യമന്ത്രി കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  മണിപ്പൂര്‍ കലാപം: 27ന് എല്‍ഡിഎഫ് പ്രക്ഷോഭം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ