മുഖ്യമന്ത്രി ഇടപെട്ടു; കേസുമായി മുന്നോട്ടില്ലെന്ന് പൊലീസ്

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തില്‍ കേസുമായി മുന്നോട്ടില്ലെന്ന് പൊലീസ്
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ, ഫയൽ
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ, ഫയൽ

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തില്‍ കേസുമായി മുന്നോട്ടില്ലെന്ന് പൊലീസ്. സംഭവത്തില്‍ കേസെടുത്തത് പരിശോധനയ്ക്ക് വേണ്ടി മാത്രമെന്ന് ഡിസിപി അറിയിച്ചു. പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതില്‍ അട്ടിമറിയില്ലെന്ന് കരുതുന്നു. സാങ്കേതിക തകരാര്‍ മാത്രമാകാമെന്നും ഡിസിപി പ്രതികരിച്ചു.

സാധാരണ നിലയില്‍ വിഐപികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ സംഭവിക്കാറില്ല. പിഡബ്ല്യൂഡി ഇലക്ട്രോണിക്‌സ് സര്‍ട്ടിഫൈ ചെയ്ത ശേഷമാണ് മൈക്ക് വെയ്ക്കാറ്. ഇവിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാപരിശോധനയുടെ ഭാഗമായി മാത്രമാണ് കേസെടുത്തത്. അല്ലാതെ ആരെയും പ്രതിയും ചേര്‍ത്തിട്ടില്ല. ഉപകരണങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ അവ മടക്കി നല്‍കുമെന്നും ഡിസിപി അറിയിച്ചു.

ആരോ തട്ടിയപ്പോള്‍ ശബ്ദം കൂട്ടുന്ന നോബില്‍ വയര്‍ ചുറ്റിയത് കാരണമാണ് തകരാര്‍ ഉണ്ടായത്. ശബ്ദം കൂടുകയും അതിന്റെ പോര്‍ട്ടില്‍ നിന്ന് വേര്‍പെടുകയും ചെയ്തതോടെയാണ് പ്രസംഗം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടായതെന്നും ഡിസിപി പറഞ്ഞു.

അതിനിടെ മൈക്ക് കേടായ സംഭവത്തില്‍ കേസെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് കേസുമായി മുന്നോട്ടില്ലെന്ന നിലപാട് കേരള പൊലീസ് വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അവസാനിപ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. സുരക്ഷാപരിശോധന മാത്രം മതിയെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com