'ചൂടുവെള്ളത്തില്‍ കുളിക്കാമോ?; ചിരിപ്പിച്ച് ചിരിപ്പിച്ച് ഞങ്ങളെ ഇങ്ങനെ കൊല്ലല്ലേ'

കേസെടുത്ത് കേസെടുത്ത് മതിയാവാതെ വന്നപ്പോള്‍ മൈക്കിനും ആംപ്ലിഫയറിനും എതിരെ കേസെടുത്തിരിക്കുകയാണ്
വിഡി സതീശന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
വിഡി സതീശന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിനു ഹോളിങ് ഉണ്ടായതില്‍ പൊലീസ് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസെടുക്കല്‍ ഹോബി ആയവരാണ് അവിടെയുള്ളതെന്ന് സതീശന്‍ പറഞ്ഞു.

മൈക്കിന് ഹോളിങ് ഉണ്ടായതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ആരാണിതില്‍ ഒന്നാം പ്രതി? മൈക്ക്, രണ്ടാം പ്രതി ആംപ്ലിഫയര്‍. ഇത്രയും വിചിത്രമായ കേസ് കേരളത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ? ഇതൊന്നും മുഖ്യമന്ത്രി അറിയുന്നില്ല എന്നു വിചാരിക്കാനാണ് തനിക്കിഷ്ടം. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഇതുപോലെ ഒരബദ്ധം കാണിക്കുമോ? 

മുഖ്യമന്ത്രിയുടെ ഓഫിസ് കുറേപ്പേര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. താന്‍ ഇതു മുമ്പും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകളാണ് പൊലീസിനെ ഭരിക്കുന്നത്. അവര്‍ക്കു കേസെടുക്കല്‍ ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാവാതെ വന്നപ്പോള്‍ മൈക്കിനും ആംപ്ലിഫയറിനും എതിരെ കേസെടുത്തിരിക്കുകയാണ്. ചിരിപ്പിച്ച് ചിരിപ്പിച്ച് ഞങ്ങളെ ഇങ്ങനെ കൊല്ലല്ലേ എന്നാണ് അവരോടു പറയാനുള്ളത്- സതീശന്‍ പറഞ്ഞു.

എത്ര വിഡ്ഢിവേഷമാണ് ഇവര്‍ കെട്ടുന്നത്? ആഭ്യന്തര വകുപ്പില്‍ എന്താണ് നടക്കുന്നതെന്നു മുഖ്യമന്ത്രി അറിയുന്നില്ല എന്നു പറയുന്നതില്‍ സങ്കടമുണ്ട്. ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു വിളിച്ചു പറഞ്ഞിട്ടാണ് ഈ സംഭവത്തില്‍ കേസെടുത്തത്. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി മൈക്കിന് എന്തു പറ്റിയെന്നു പഠിക്കാന്‍ ചൈനയിലും കൊറിയയിലും സന്ദര്‍ശനം നടത്തട്ടെയെന്ന് സതീശന്‍ പരിഹസിച്ചു.

കൊറിയയിലും മാവോയുടെ കാലത്ത് ചൈനയിലുമെല്ലാം നടന്നതിന്റെ പിന്തുടര്‍ച്ചയാണോ കേരളത്തില്‍ നടക്കുന്നത്? ഏതോ സിനിമയില്‍ ചോദിച്ചതു പോലെ ചൂടുവെള്ളത്തില്‍ കുളിക്കാമോ എന്നാണ് ഇവരോടു ചോദിക്കാനുള്ളത്. 

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലേക്കു മുഖ്യമന്ത്രിയെ വിളിച്ചത് എല്ലാവരുമായും കൂടിയാലോചിച്ചാണെന്നും അതു തെറ്റായി പോയെന്നു കരുതുന്നില്ലെന്നും സതീശന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com