'കണ്ണീര്‍ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോട്; ഞങ്ങളും മാതാപിതാക്കളാണ്'; പൊലീസിന്റെ മറുപടി

ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ 'മകളെ മാപ്പ്' എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചതില്‍ വിശദീകരണവുമായി പൊലീസ്
കുട്ടിയുടെ മൃതദേഹം, പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കുട്ടിയുടെ മൃതദേഹം, പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ 'മകളെ മാപ്പ്' എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചതില്‍ വിശദീകരണവുമായി പൊലീസ്. 'കണ്ണീര്‍ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്, ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതല്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരമാവധി വേഗത്തില്‍ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികിലെത്തിക്കാന്‍ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.'- ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കമന്റില്‍ കേരള പൊലീസ് പറഞ്ഞു. 

കുട്ടി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിന് പിന്നാലെ, പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. മകളെ മാപ്പ് എന്നായിരുന്നു പോസ്റ്റ്. കുട്ടിയെ ജീവനോടെ കണ്ടെത്താന്‍ കഴിയാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസ് വീഴ്ച ആരോപിച്ച് പ്രതിപക്ഷ നേതാവ് അടക്കം രംഗത്തുവന്നിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com