പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വകാര്യ ബസ് സമരം മാറ്റി

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ബുധനാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റി

തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ബുധനാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റി. സംയുക്ത സമര സമിതിയാണ് സമരം മാറ്റിയ വിവരം അറിയിച്ചത്. വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും പെര്‍മിറ്റ് വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് ബസ് ഓണേഴ്സ് സംയുക്ത സമര സമിതി സമരം പ്രഖ്യാപിച്ചത്.

പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയില്‍ ആയതിനാലും വിദ്യാര്‍ഥി കണ്‍സെഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15ന് ശേഷമേ ലഭിക്കുള്ളു എന്നതിനാലുമാണ് സമരം മാറ്റുന്നതെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കുമെന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ എട്ടുമുതല്‍ 18വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. 

വിദ്യാര്‍ഥികളുടെ ചാര്‍ജ് അഞ്ച് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കണം. കണ്‍സെഷന്‍ നല്‍കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധി വെയ്ക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ബസുടമകള്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഒരു കാര്യവുമില്ലാതെയാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതെന്ന് മന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com