അരിക്കൊമ്പന്‍ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല; എകെ ശശീന്ദ്രന്‍

ഉള്‍വനത്തിലേക്ക് വിട്ടാലും കാട്ടാന പ്രത്യേകിച്ചും അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് തിരിച്ചെത്തുമെന്ന് തെളിഞ്ഞിരിക്കുകയാണ്.
അരിക്കൊമ്പന്‍
അരിക്കൊമ്പന്‍

കോഴിക്കോട്: അരിക്കൊമ്പന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ എടുത്ത കാര്യങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ഉള്‍വനത്തിലേക്ക് തുറന്നുവിട്ടാലും ആന ജനവാസമേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്‌നാടായാലും തുടര്‍നടപടികള്‍ സ്വീകരിക്കുക. അരിക്കൊമ്പന്‍ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും വനം മന്ത്രി പറഞ്ഞു

'ഉള്‍വനത്തിലേക്ക് വിട്ടാലും കാട്ടാന പ്രത്യേകിച്ചും അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് തിരിച്ചെത്തുമെന്ന് തെളിഞ്ഞിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരായാലും കേരള സര്‍ക്കാരായാലും ഈ അനുഭവങ്ങള്‍ അവരുടെ മുമ്പിലുണ്ടാകും. ഇത് ഒരു ശാശ്വത പരിഹാരമല്ല'- വനം മന്ത്രി പറഞ്ഞു. 

അതേസമയം, നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു.

തമിഴ്നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ മയക്കു വെടിവെച്ചത്. ആന ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചിട്ടുണ്ട്. ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റും. ഇതിനായി മൂന്നു കുങ്കിയാനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ആരോഗ്യപരിശോധനയ്ക്ക് ശേഷമാകും അരിക്കൊമ്പനെ മറ്റൊരു വനമേഖലയിലേക്ക് തുറന്നു വിടുക. നാലോളം സ്ഥലങ്ങളാണ് തമിഴ്നാട് വനംവകുപ്പിന്റെ പരിഗണനയിലുള്ളത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വാല്‍പ്പാറ സ്ലീപ്പാണ് പരിഗണനയിലുള്ള ഒരു സ്ഥലം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ വെടിവെക്കുന്നത്.

ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് ആദ്യം അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടുകയായിരുന്നു. എന്നാല്‍ മെയ് 27 ന് കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പ്രദേശത്ത് ഭീതി വിതയ്ക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com