ആര്‍ഷോയെ തള്ളി ആദ്യം, പിന്നാലെ തിരുത്തി പ്രിന്‍സിപ്പല്‍, മലക്കം മറിഞ്ഞ് മഹാരാജാസ് കോളജ് 

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മൂന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന നിലപാട് തിരുത്തി മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വിഎസ് ജോയ്
വിഎസ് ജോയ്, പി എം ആര്‍ഷോ
വിഎസ് ജോയ്, പി എം ആര്‍ഷോ

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മൂന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന നിലപാട് തിരുത്തി മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വിഎസ് ജോയ്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എന്‍ഐസി വെബ്‌സൈറ്റിലെ പിഴവിനെ തുടര്‍ന്നാണ് താന്‍ ആര്‍ഷോ മൂന്നാംവര്‍ഷം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 

വി എസ് ജോയ് ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെ: 

'പി എം ആര്‍ഷോ റീ അഡ്മിഷന്‍ വാങ്ങിയതാണ്. 2020-21 ബാച്ചിലാണ് ആര്‍ഷോ അഡ്മിഷന്‍ വാങ്ങിയത്. അതുകഴിഞ്ഞ് അറസ്റ്റിലായി ജയിലില്‍ ആയി. അതുകൊണ്ട് അറ്റന്റന്‍സ് ഇല്ലാത്തതിനാല്‍ റോള്‍ ഔട്ട് ആക്കി. 2022-23 ബാച്ചിന്റെ കൂടെ ആര്‍ഷോ നാലാം സെമസ്റ്ററിലേക്ക് പിന്നീട് റീ അഡ്മിഷന്‍ എടുത്തു. നാലാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്താണ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ വരുന്നത്. ആര്‍ഷോ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു പരീക്ഷയും എഴുതിയില്ല. അത് രജിസ്റ്റര്‍ ചെയ്തതിനുള്ള രേഖ ഞങ്ങളുടെ കയ്യിലുണ്ട്.' 

ഇതിന് പിന്നാലെ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയ പ്രിന്‍സിപ്പല്‍, താന്‍ ആദ്യം പറഞ്ഞ കാര്യങ്ങള്‍ തിരുത്തി. എന്‍ഐസി വെബ്‌സൈറ്റിലെ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണം എന്നാണ് പുതിയ വിശദീകരണം. 

'മൂന്നാം സെമസ്റ്ററില്‍ ആര്‍ഷോ ഫീസ് അടച്ചിട്ടുണ്ട് എന്നാണ് എന്‍ഐസി വെബ്‌സൈറ്റില്‍ കാണിക്കുന്നത്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചതില്‍ നിന്ന് ആര്‍ഷോ ഫീസ് അടച്ചിട്ടില്ലെന്ന് വ്യക്തമായി. താന്‍ പരീക്ഷ എഴുതിയിട്ടില്ലെന്ന ആര്‍ഷോയുടെ വാദം ശരിയാണ്. മൂന്നാം സെമസ്റ്ററില്‍ പരീക്ഷ എഴുതാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധിച്ചത്. എന്‍ഐസിയുടെ ക്രമക്കേടുകളെ കുറിച്ച് നേരത്തെ തന്നെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 45ഓളം തെറ്റുകള്‍ എന്‍ഐസിയില്‍ സംഭവിച്ചിട്ടുണ്ട്.  ഇക്കാര്യത്തില്‍ ആര്‍ഷോ കുറ്റക്കാരനല്ല. വിഷയത്തില്‍ ഗൂഢാലോയനയില്ല.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com