

മലപ്പുറം; സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെ എച്ച് 1എൻ 1 ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്.കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഗോകുലിന്‍റെ മരണം H1N1 മൂലമെന്ന് സ്ഥിരീകരിച്ചു.
അതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുകയാണ്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ യോഗം ചേര്‍ന്നു.
ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ വീണാ ജോര്‍ജ് പറഞ്ഞു.ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിനും പൊതുവില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.
ജില്ലാതലത്തില്‍ കൂടാതെ തദ്ദേശ തലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം വിളിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തില്‍ ഉള്‍പ്പെടുത്തും. ഹോട്ട് സ്‌പോട്ടുകളില്‍ പ്രത്യേക ഇടപെടല്‍ നടത്തുന്നതാണ്. മഴക്കാല ശുചീകരണം നേരത്തെ തന്നെ നടത്തി വരുന്നു. നല്ല മാറ്റമുണ്ടായി. തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.
വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധം ഉറപ്പാക്കണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates