ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ, യുവതിക്ക് ആശുപത്രിയിൽ ക്രൂരമർദനം; ആക്രമിച്ചപ്പോൾ തിരിച്ചടിച്ചതാണെന്ന് ഡോക്ടർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 07:01 AM  |  

Last Updated: 01st March 2023 07:01 AM  |   A+A-   |  

kcm_hospital_nooranad

ടെലിവിഷൻ ദൃശ്യം

 

കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി. കരുനാ​ഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മർ​ദനമേറ്റത്. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളാണെന്ന് ബന്ധുക്കൾ ആരോപിച്ചു. നൂറനാട് കെസിഎം ആശുപത്രിക്കെതിരെ ബന്ധുക്കൾ കരുനാ​ഗപ്പള്ളി പൊലീസിൽ പരാതി നൽകി. 

നാല് വർഷമായി മാനസികപ്രശ്നങ്ങൾക്ക് ചികിത്സതേടിയിരുന്ന യുവതിക്കാണ് ആശുപത്രി ജീവനക്കാരിൽ നിന്ന് ക്രൂരമർദനം ഏൽക്കേണ്ടിവന്നത്. വണ്ടാനം മെഡിക്കൽ കോളിലായിരുന്നു ചികിത്സ. കഴിഞ്ഞ മാസം യുവതിയുടെ അമ്മ അപകടത്തിൽപ്പെട്ട് ചികിത്സയിലായതിനാലാണ് യുവതിയെ കെസിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 17നാണ് യുവതിയെ ഇവിടെ അഡ്മിറ്റാക്കിയത്. ഇവിടെവച്ച് അതിക്രൂരമായി മർദ്ദനമേറ്റെന്നും ശരീരമാസകലം കരിനീലിച്ചു കിടക്കുന്ന പാടുകളാണെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതിയുടെ ആരോ​ഗ്യനില വളരെ മോശമാണെന്നും അവർ പറഞ്ഞു. യുവതിയുടെ അച്ഛൻ ആശുപത്രിയിൽ കാണാൻ ചെന്നപ്പോഴാണ് ശരീരമാസകലം പാടുകൾ കണ്ടത്. തുടർന്ന് കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യുവതിയെ മർദിച്ചതായി കെസിഎം ആശുപത്രി അധികൃതരും സമ്മതിച്ചു. യുവതി അക്രമസ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തിരിച്ചടിച്ചതാണെന്നാണ് ഡോക്ടർ പറഞ്ഞു. "രോ​ഗി മുഖത്ത് തുപ്പുകയൊക്കെ ചെയ്തപ്പോൾ കെട്ടിയിടാൻ വേണ്ടി പിടിച്ചതാണ്. സ്റ്റാഫിനെ ഉപദ്രവിച്ചപ്പോൾ അവർക്കും ദേഷ്യം സഹിക്കാൻ പറ്റിയില്ല. പേഷ്യന്റ് വയലന്റ് ആകുമ്പോൾ അവിടെയിരിക്കുന്ന സ്ത്രീകളെല്ലാം അടികൊള്ളാൻ നിൽക്കുന്നവരല്ലല്ലോ?. വേദന സഹിക്കാൻ കഴിയാതെയാണ് തിരിച്ചുപദ്രവിച്ചത്", ഡോക്ടർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭക്ഷ്യസുരക്ഷ: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌