നാട്ടിലിറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു, 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം, ഇടിച്ചുപൊളിച്ച് പുറത്തെത്തിച്ചു

25 അടി താഴ്‌ചയുള്ള കിണറ്റിലേക്കാണ് പോത്ത് വീണത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

‌കാഞ്ഞിരപ്പള്ളി. പാറത്തോട് കിണറ്റിൽ വീണ കാട്ടുപോത്തിനെ 12 മണിക്കൂറത്തെ ശ്രമത്തിനൊടുവിൽ കിണർ ഇടിച്ചുപൊളിച്ച് പുറത്തെത്തിച്ചു. ഇടക്കുന്നത്ത് സിഎസ്ഐ ഭാ​ഗത്ത് കൊച്ചുവീട്ടിൽ നിർമല ജേക്കബിന്റെ വീടിനോടു ചേർന്ന കിണറ്റിലാണ് ചൊവ്വാഴ്‌ച രാത്രിയോടെ കാട്ടുപോത്ത് വീണത്. 

കിണറിന് 25 അടി താഴ്‌ചയുണ്ടായിരുന്നു. കൂടാതെ അതിൽ അഞ്ചടിയോളം വെള്ളവുമുണ്ടായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി. പിന്നീട് കല്ലും ടയറുമൊക്കെ ഇട്ടു കൊടുത്ത് പോത്ത് തന്നെ നടന്ന് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വെടിയുതിർത്തു ശബ്ദമുണ്ടാക്കി വിരട്ടിയോടിച്ചു.

റേഞ്ച് ഓഫിസർ ബിആർ ജയൻ, വെറ്ററിനറി സർജൻ ഡോ അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പോത്തിന് ഏതദേശം ആറ് വയസും 800 കിലോ ഭാരവുമുണ്ടെന്ന് വനവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പോത്ത് എരുമേലി ഭാഗത്തെ വനമേഖലയിൽ നിന്നും മമ്പാടി, വെള്ളനാടി റബർ എസ്റ്റേറ്റുകളിലൂടെയാകാം ഇവിടെ എത്തിയതെന്നാണു പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com