സംരംഭകർക്ക് പരാതി നൽകാം; 30 ദിവസത്തിനുള്ളിൽ പരിഹാരം; പോർട്ടലുമായി വ്യവസായ വകുപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2023 09:16 PM |
Last Updated: 02nd March 2023 09:16 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
തിരുവനന്തപുരം: സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനായുള്ള ഓൺലൈൻ പരാതി പരിഹാര സംവിധാനം നിലവിൽ വന്നു. പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുന്നതിനായാണ് സംവിധാനം. രാജ്യത്ത് തന്നെ ആദ്യമാണ് ഇത്തരമൊരു സംവിധാനം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ, സംസ്ഥാനതല പരാതി പരിഹാര സമിതികൾ രൂപികരിച്ചാണ് സംവിധാനം പ്രവർത്തിക്കുക. പരാതി പരിഹാര പോർട്ടലിന്റെ (http://grievanceredressal.industry.kerala.gov.in/) ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു.
സംരംഭകരിൽ നിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പു വരുത്തും. പൂർണമായും ഓൺലൈനായാണ് സംവിധാനം പ്രവർത്തിക്കുക.
10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി കലക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല സമിതി പരിശോധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന സമിതി പരിശോധിക്കും. സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന സമിതികൾക്ക് സിവിൽ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും.
സേവനം നൽകാൻ നിയുക്തനായ ഉദ്യോഗസ്ഥൻ മതിയായ കാരണം കൂടാതെ കാലതാമസമോ വീഴ്‌ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതികൾക്ക് അധികാരമുണ്ടാകും. പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപ വരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് പരിഹാരം ഉണ്ടാവുക.
സംസ്ഥാനത്ത് തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കുമെന്നും സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന സംരംഭക ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നിലവിൽ എല്ലാ ജില്ലയിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ത്രിപുരയിലേത് പരാജയത്തോടടുത്ത വിജയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാം'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ