ശമ്പളവും അവധിയും ചോദിച്ചു, നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2023 10:56 AM |
Last Updated: 04th March 2023 10:56 AM | A+A A- |

സെയില്‍സ് ഗേളിന്റെ മുഖത്തടിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ശമ്പളവും അവധിയും ചോദിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ഇന്ന് നെയ്യാറ്റിന്‍കര പൊലീസ് യുവതിയുടെ മൊഴിയെടുക്കും.
നെയ്യാറ്റിന്‍കര ഇരുമ്പിലിലാണ് സംഭവം. വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വീടുകള്‍ തോറും കയറിയിറങ്ങി വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ജോലിയിലാണ് വയനാട് സ്വദേശിനിയായ യുവതി ഏര്‍പ്പെട്ടിരുന്നത്.
അത്യാവശ്യത്തിന് വീട്ടില്‍ പോകാന്‍ അവധി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അവധി നല്‍കിയില്ലെങ്കില്‍ പിരിഞ്ഞുപോകാന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രകോപിതരായ സ്ഥാപന ഉടമകള്‍ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുറിയില്‍ പൂട്ടിയിട്ടായിരുന്നു 'വിചാരണ'. യുവതിയെ അസഭ്യം പറയുന്നതും യുവതിയുടെ അരികില്‍ മറ്റൊരു സ്ത്രീ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മര്‍ദ്ദനമേറ്റ യുവതി സ്ഥാപന ഉടമകള്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കി. മൊഴിയെടുക്കാന്‍ ഇന്ന് രാവിലെ സ്റ്റേഷനില്‍ എത്താന്‍ യുവതിയോട് നെയ്യാറ്റിന്‍കര പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ