ബസ് മുന്നോട്ടെടുത്തു, അമ്മയ്ക്കും മകൾക്കും പരിക്ക്: കണ്ടക്ടറും ഡോർ ചെക്കറും രോ​ഗീപരിചരണം നടത്തണമെന്ന് ഉത്തരവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2023 09:07 AM  |  

Last Updated: 04th March 2023 09:07 AM  |   A+A-   |  

bus

പ്രതീകാത്മക ചിത്രം

 

കൊച്ചി: ‌‌‌‌‍‍സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചുവീണ് അമ്മയ്ക്കും മകൾക്കും പരിക്കേറ്റ സംഭവത്തിൽ കണ്ടക്ടറും ഡോർ ചെക്കറും ജനറൽ ആശുപത്രിയിൽ രോ​ഗീപരിചരണം നടത്തണമെന്ന് ഉത്തരവ്. നഷ്ടപരിഹാരം നൽകാമെന്ന് ബസുടമ പറഞ്ഞെങ്കിലും ബസ് ജീവനക്കാരെ മാതൃകാപരമായി ശിക്ഷിച്ചാൽ മതിയെന്ന പരിക്കേറ്റവരുടെ വാദം പരി​ഗണിച്ചാണ് ശിക്ഷ.  ആർടിഒ ജി അനന്തകൃഷ്ണനാണ് ഉത്തരവിട്ടത്. ആശുപത്രിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാലെ ഇരുവർക്കും ബസിൽ ജോലി തുടരാനാകൂ.

ലൂർ സ്റ്റേഡിയം ബസ് സ്റ്റോപ്പിൽ വച്ചാണ് അപകടമുണ്ടായത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ജീവനക്കാരി പച്ചാളം സ്വദേശിനി സുധർമയ്ക്കും മകളും പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാരിയുമായ സൗമ്യക്കുമാണ് പരിക്കേറ്റത്. കാക്കനാട്ടേക്കുള്ള ബസിൽ കയറുന്നതിനിടെയാണ് സംഭവം. രണ്ട് ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഒരു ബസ് ആളെ ഇറക്കാൻ സ്റ്റോപ്പിൽ നിർത്തി. ബസ് നിർത്തിയതുകണ്ട് കയറാൻ ഓടിയെത്തിയതാണ് സുധർമയും സൗമ്യയും. ഒരു കാൽ ചവിട്ടു പടിയിലുറപ്പിച്ച് കൈ കമ്പിയിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. സുധർമ റോഡിലേക്ക് തെറിച്ചുവീണു. അമ്മയെ താങ്ങുന്നതിനിടെ സൗമ്യയും താഴെ വീണു. സുധർമയ്ക്ക് നടുവിനും സൗമ്യയ്ക്ക് വലത് തോളിലും പരിക്കേറ്റു. 

ബസുടമയായ കാക്കനാട് സ്വദേശി അലിയെയും പരിക്കേറ്റവരെയും ഇന്നലെ ഹിയറിങ്ങിനു വിളിച്ചിരുന്നു. ഹിയറിങ്ങിന് ശേഷമാണ് ബസിലെ കണ്ടക്ടറും ചെക്കറും ജനറൽ ആശുപത്രിയിൽ ഒരു ദിവസം സേവനം അനുഷ്ഠിക്കാൻ നിർദേശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാൻസറാണെന്ന് കള്ളം പറഞ്ഞു, വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെ തട്ടിയെടുത്ത് 25 ലക്ഷം, അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌