ആശ്വാസം; ബ്രഹ്മപുരത്ത് തീ പൂര്‍ണമായി അണച്ചു, വായു മലിനീകരണം കുറഞ്ഞെന്ന് കലക്ടര്‍ - വീഡിയോ
By സമകാലികമലയാളം ഡെസ്ക് | Published: 06th March 2023 07:46 PM |
Last Updated: 06th March 2023 07:49 PM | A+A A- |

തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുക, ഫയൽ/ എക്സ്പ്രസ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണച്ചതായി ജില്ലാ കലക്ടര്‍. എങ്കിലും മാലിന്യ കൂമ്പാരത്തിന്റെ അടിയില്‍ നിന്ന് പുകഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യമുണ്ട്. അത് ഒഴിവാക്കുന്നതിന് വേണ്ടി മൂന്നുനാലുമീറ്റര്‍ വരെ താഴ്ചയില്‍ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് വലിയ പമ്പില്‍ നിന്ന് വെള്ളം തളിച്ച് പുകയുന്നത് ശമിപ്പിക്കുന്നതിനുള്ള നടപടികളാണ് തുടരുന്നതെന്നും ജില്ലാ കലക്ടര്‍ രേണു രാജ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.
പുകയുന്നത് ശമിപ്പിക്കുന്നതിന് വേണ്ടി ഇന്ന് രാത്രിയും നടപടികള്‍ തുടരും. കഴിഞ്ഞദിവസം വരെ വൈകീട്ട് വരെയാണ് തീ അണയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നത്. പുകയുന്നത് ശമിപ്പിക്കുന്നതിന് വേണ്ടി ഫയര്‍ഫോഴ്‌സും അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകളും വൈകീട്ടോടെ സജ്ജമാകുമെന്നും കലക്ടര്‍ അറിയിച്ചു.
കൊച്ചിയില്‍ വായുമലിനീകരണം കുറഞ്ഞത് ആശ്വാസം നല്‍കുന്നതാണ്. ഉച്ചത്തെ പരിശോധനയില്‍ വൈറ്റില സ്‌റ്റേഷനില്‍ 146 ഉം ഏലൂര്‍ സ്‌റ്റേഷനില്‍ 92മാണ് തോത്. പിഎം 2.5 വായു മലിനീകരണ തോത് അനുസരിച്ചാണ് കണക്ക്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മലിനീകരണ തോത് കുറയുന്നത് ആശ്വാസം നല്‍കുന്നതാണെന്നും കലക്ടര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി പത്തിന് വൈറ്റിലയില്‍ പിഎം 2.5ന്റെ മൂല്യം 441 എന്ന അപായകരമായ നിലയില്‍ ആയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബ്രഹ്മപുരം തീപിടിത്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ