'അങ്ങോട്ട് പോയ്‌ക്കോ; നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി?'; വേദിയില്‍ വച്ച് മൈക്ക് ഓപ്പറേറ്ററെ ശാസിച്ച് എംവി ഗോവിന്ദന്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 06th March 2023 09:13 AM  |  

Last Updated: 06th March 2023 09:13 AM  |   A+A-   |  

mv govindan scolds mic operator

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍/ഫെയ്‌സ്ബുക്ക്‌

 

തൃശൂര്‍:  ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോട് ചേര്‍ന്ന് നിന്ന സംസാരിക്കാന്‍ ആവശ്യപ്പെട്ടതിന് മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൃശൂര്‍ ജില്ലയിലെ മാളയിലെ സ്വീകരണകേന്ദ്രത്തില്‍ വച്ചായിരുന്നു ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത്. 'നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി' എന്നു ഗോവിന്ദന്‍ യുവാവിനോടു ചോദിക്കുന്നുണ്ട്. 

കോഴിക്കോടുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസ്‌ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗോവിന്ദന്‍ വിശദീകരണം നല്‍കുന്നതിനിടെയാണ് യുവാവ് മൈക്ക് ശരിയാക്കാനായി വേദിയിലേക്കു കയറിവന്നത്. ക്രൈംബ്രാഞ്ച് റെയ്ഡിനെ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളോട് താരതമ്യം ചെയ്യുന്നതിനെതിരായ നിലപാട് വിശദീകരിക്കുകയിരുന്നു ഗോവിന്ദന്‍. ഇതിനിടെ യുവാവ് 'മൈക്കിന്റെ അടുത്തുനിന്ന് സംസാരിക്കാമോ' എന്നു ചോദിച്ചതാണ് ഗോവിന്ദനെ പ്രകോപിപ്പിച്ചത്.'അങ്ങോട്ട് പോയ്‌ക്കോ?..പോയേ നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി' എന്നു ചോദിച്ച് അദ്ദേഹം മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. ഇതിന് പിന്നാലെ മൈക്ക് ഓപ്പറേറ്ററെ കുറ്റപ്പെടുത്തി സദസിനോടു സംസാരിക്കുകയും ചെയ്തു.

''മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നില്‍ നില്‍ക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങള്‍ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആള്‍ക്കാരോടു സംവദിക്കാന്‍ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാന്‍ അറിയണം. അവിടുന്നും ഇവിടുന്നും ചിലര്‍ ശബ്ദമില്ലെന്നു പറയുമ്പോള്‍ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാന്‍ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങള്‍ വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവന്‍ ആളുകള്‍ക്കും കേള്‍ക്കാന്‍ കഴിയും.'- ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അപായരേഖ തൊട്ടു; കൊച്ചിയിലെ വായുവിൽ വിഷാംശം കൂടി, ഏറ്റവും ഗുരുതരമായ അളവിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌