

കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം.
വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചു.
''ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും തിങ്കള്‍ അവധിയായിരിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല'- കലക്ടര്‍ അറിയിച്ചു.
വിഷപ്പുകയില്‍ മുങ്ങിയ കൊച്ചി നഗരത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പുകമൂലം നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
പുക പടര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ എന്‍ 95 മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. ശ്വാസകോശസംബന്ധമായ അസുഖം ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരും കഴിവതും പുറത്തിറങ്ങരുത്. പുകമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 100 കിടക്കകളും തൃപ്പൂണിത്തുറയിലെ താലുക്കാശുപത്രിയില്‍ 20 കിടക്കകളും എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടികള്‍ക്കായി 10 കിടക്കകളും സ്‌മോക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസ്സം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ ബ്രഹ്മപുരത്ത് സജ്ജമാക്കി. ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സും തയ്യാറാണ്.ആംബുലന്‍സില്‍ ഒരേസമയം നാലുപേര്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സൗകര്യമുണ്ട്. പുക വ്യാപിച്ചതിനാല്‍ ബ്രഹ്മപുരത്തും സമീപവാസികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. എറണാകുളം മെഡിക്കല്‍ കോളേജ്: 80757 74769, ഡിഎംഒ ഓഫീസ്: 0484 2360802 എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂമുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ ബ്രഹ്മപുരത്ത് മാലിന്യവുമായി എത്തിയ വാഹനങ്ങള്‍ തടഞ്ഞു; നാളെമുതല്‍ സമരം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates