

കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തില്‍ നാളെ സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്‍പ്പറേഷന്‍ സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് ഒരു കത്ത് നല്‍കിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, വിഷയം രാവിലെ പരിഗണിച്ചപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലായി എന്നതായിരുന്നു വിമര്‍ശനത്തിലെ പ്രസക്തഭാഗം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടതായും ഹൈക്കോടതി കുറ്റപ്പെടുത്തി. തുടര്‍ന്ന് ഉച്ചയ്ക്ക് വിഷയം വീണ്ടും പരിഗണിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും ജില്ലാ കലക്ടറും കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
ഉച്ചയ്ക്ക് വിഷയം വീണ്ടും പരിഗണിച്ചപ്പോഴും കോടതിയുടെ വിമര്‍ശനം തുടര്‍ന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തം സ്വാഭാവികമോ മനുഷ്യനിര്‍മിതമോയെന്ന് ഹൈക്കോടതി ചോദിച്ചു. നഗരത്തില്‍ വ്യാപകമായാണ് മാലിന്യം വലിച്ചെറിയുന്നത്. ഇത് തടയാന്‍ എന്തു നടപടിയാണ് കൊച്ചി കോര്‍പ്പറേഷന്‍ സ്വീകരിച്ചതെന്നും കോടതി ആരാഞ്ഞു. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായി കോര്‍പ്പറേഷന്‍ അറിയിച്ചു.
വാദത്തിനിടെ കൊച്ചി കോര്‍പ്പറേഷനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തുവന്നു. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് 2016 മുതല്‍ നോട്ടീസ് നല്‍കിയിട്ടും വേണ്ടത് കോര്‍പ്പറേഷന്‍ ചെയ്തില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കുറ്റപ്പെടുത്തി. പരസ്പരം പഴിചാരലല്ല, പരിഹാരമാണ് വേണ്ടതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
മാലിന്യപ്രശ്‌നം അനന്തമായി നീട്ടി കൊണ്ടുപോകാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേണം. പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ തലങ്ങളില്‍ മൂന്ന് തലത്തിലുള്ള സംവിധാനം വേണം. ഇതിന് കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കുന്നത് ആലോചിക്കാവുന്നതാണ്. ജൂണ്‍ ആറിനകം കോടതിയുടെ തന്നെ മേല്‍നോട്ടത്തില്‍ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുമെന്നും കോടതി പറഞ്ഞു.
മാലിന്യപ്രശ്‌നത്തിന് കൃത്യമായ പരിഹാര നിര്‍ദേശങ്ങള്‍ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. നാളെ ഉച്ചയ്ക്ക് വിഷയം വീണ്ടും പരിഗണിക്കുമ്പോള്‍ ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെ കക്ഷി ചേര്‍ത്തു. കൃത്യമായ മറുപടിയില്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാവുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates