എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം; അഞ്ച് കലക്ടര്‍മാരെ മാറ്റാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 12:41 PM  |  

Last Updated: 08th March 2023 01:54 PM  |   A+A-   |  

renu raj

രേണുരാജ്, ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെ എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം. രേണുരാജിനെ വയനാട്ടിലേക്ക് മാറ്റാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മറ്റു നാല് കലക്ടര്‍മാര്‍ക്കും സ്ഥലംമാറ്റമുണ്ട്. 

ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം ജില്ലാ കലക്ടര്‍. വയനാട് കലക്ടര്‍ ആയിരുന്ന എ ഗീതയാണ് പുതിയ കോഴിക്കോട് ജില്ലാ കലക്ടര്‍.തൃശൂര്‍ ജില്ലാ കലക്ടര്‍ ആയിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലാണ് പുതിയ പോസ്റ്റിങ്.

നിലവിലെ ആലപ്പുഴ ജില്ലാ കലക്ടര്‍ കൃഷ്ണ തേജയെ തൃശൂര്‍ ജില്ലാ കലക്ടര്‍ സ്ഥാനത്തേയ്ക്കാണ് നിയമിക്കുന്നത്. കോഴിക്കോട് കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനം സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവിൽ ഇല്ല. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് രേണുരാജിനെ മാറ്റുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുന്നു''; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വിഡി സതീശന്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ