വനിതാരത്ന പുരസ്കാരം പ്രഖ്യാപിച്ചു; നിലമ്പൂർ ആയിഷ, കെസി ലേഖ, ലക്ഷ്മി എൻ മേനോൻ, ഡോ. ആർഎസ് സിന്ധു എന്നിവർക്ക് ബഹുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 09:24 AM  |  

Last Updated: 08th March 2023 10:20 AM  |   A+A-   |  

vanitha_ratna_award

ലക്ഷ്മി എൻ മേനോൻ, ഡോ. ആർ.എസ്. സിന്ധു, കെ.സി. ലേഖ, നിലമ്പൂർ ആയിഷ,

 

തിരുവനന്തപുരം; 2022ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. നാലു പേരാണ് പുരസ്കാരത്തിന് അർഹരായത്.  

കായിക മേഖലയിൽ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തിൽ നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ ലക്ഷ്മി എൻ. മേനോൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കൽ കോളജ്, സർജിക്കൽ ഗാസ്ട്രോഎൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ.എസ്. സിന്ധു എന്നിവരെ തെരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

കെ.സി. ലേഖ

ഇന്ത്യൻ വനിത അമച്വർ ബോക്സിംഗ് 75 കിലോ വിഭാഗത്തെ പ്രതിനിധീകരിച്ച് 2006ലെ വനിതാ ലോക അമച്വർ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ കെ.സി. ലേഖ. കായിക മേഖലയിൽ നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് വനിതരത്ന പുരസ്‌കാരം നൽകി ആദരിക്കുന്നത്.

നിലമ്പൂർ ആയിഷ

പ്രശസ്ത സിനിമാ നാടക നടിയാണ് നിലമ്പൂർ അയിഷ. ആദ്യ കാലഘട്ടത്തിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അടിച്ചമർത്തലുകൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു.

ലക്ഷ്മി എൻ മേനോൻ

കൊച്ചിയിൽ 'പ്യുവർ ലിവിംഗ്' എന്ന സ്ഥാപനം നടത്തുന്ന ലക്ഷ്മി എൻ മേനോൻ അമ്മൂമ്മത്തിരി/വിക്സ്ഡം എന്ന ആശയം ആവിഷ്‌കരിക്കുകയും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന സ്ത്രീകൾക്ക് ഉപജീവന മാർഗം നേടിക്കൊടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിലുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.

ഡോ. ആർ.എസ്. സിന്ധു

കേരളത്തിൽ സർക്കാർ മേഖലയിൽ വിജയകരമായി ആദ്യ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറാണ് ആർ.എസ്. സിന്ധു. കോട്ടയം മെഡിക്കൽ കോളേജിൽ 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രകിയകൾ യാഥാർത്ഥ്യമാക്കി. കേരളത്തിൽ നിന്ന് ആദ്യമായി സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ എംസിഎച്ച് നേടിയ വനിതയാണ് ഡോ. ആർ.എസ്. സിന്ധു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വനിതാ ദിനം ഇന്ന്; ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സൗജന്യ പ്രവേശനം 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ