ട്രെയിന്‍ വാടകയ്‌ക്കെടുത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്; ചെലവ് 60 ലക്ഷം

ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് മുസ്ലിം ലീഗ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് മുസ്ലിം ലീഗ്. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിന്‍ വാടകയ്‌ക്കെടുത്തിരിക്കുന്നത്. ട്രെയിന്‍ വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തകരെ സമ്മേളന നഗരിയിലേക്ക് എത്തിക്കുന്നത് അപൂര്‍വമാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് ട്രെയിന്‍ എടുത്തിരിക്കുന്നത്. 

17 സ്ലീപ്പര്‍ കോച്ച്, മൂന്ന് എസി കോച്ച്, 24 പ്രവര്‍ത്തകരെ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകള്‍ എന്നിങ്ങനെയാണ് ഈ ചാര്‍ട്ടേഡ് ട്രെയിനില്‍ ഉള്ളത്. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചാര്‍ട്ടേഡ് ട്രെയിന്‍ പുറപ്പെടും.  കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇവിടങ്ങളില്‍നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ ട്രെയിനില്‍ കയറും. 1416 പ്രവര്‍ത്തകര്‍ക്ക് ഈ ട്രെയിനില്‍ യാത്രചെയ്യാം.  ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ ചെന്നൈ എഗ്മോറിലെത്തും. അവിടെനിന്ന് തമിഴ്നാട് സര്‍ക്കാര്‍ ബസില്‍ പ്രവര്‍ത്തകരെ സമ്മേളന നഗരിയായ രാജാജിഹാളില്‍ എത്തിക്കും. 75 വര്‍ഷം മുന്‍പ് ഖ്വായിദ്-ഇ-മില്ലത്ത് പാര്‍ട്ടിക്ക് രൂപം നല്‍കിയത് ഇവിടെയായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ ചാര്‍ട്ടേഡ് ട്രെയിന്‍ തിരിച്ച് പ്രവര്‍ത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.

ചെന്നൈയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ദേശീയ തലത്തില്‍ മതേതര ചേരിക്ക് ശക്തി പകരുന്ന ആശയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ചയാവുകയെന്ന് നേതാക്കള്‍ പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ലീഗിന്റെ ഭാവി തന്നെ നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങള്‍ പ്ലാറ്റിനം ജൂബിലിയില്‍ കൈക്കൊള്ളും. ഒരു വര്‍ഷം നീളുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷം.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 700 പ്രതിനിധികളുണ്ടാകും. ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ജനപ്രതിനിധികള്‍ നിയോജകമണ്ഡലം പ്രസിഡന്റുമാ,ര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് പങ്കെടുക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍  കൂടുതല്‍ വേരുറപ്പിക്കാനുള്ള നയപരിപാടികള്‍ ചര്‍ച്ചയാകും. യുപിഎയെ ശക്തിപ്പെടുത്തുന്ന ആശയങ്ങള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. 

സമ്മേളനത്തിന്റെ ഭാഗമായി പത്താം തീയതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയില്‍ സംസ്ഥാനത്ത് നിന്നും കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com