കള്ളനോട്ട് കേസ്; വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2023 12:11 PM |
Last Updated: 10th March 2023 12:11 PM | A+A A- |

ജിഷമോൾ
ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസർ എം ജിഷയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. മാവേലിക്കര ജയിലിലായിരുന്നു ജിഷയുണ്ടായിരുന്നത് കോടതിയുടെ നിർദേശപ്രകാരം വ്യാഴാഴ്‌ച രാത്രിയാണ് ജിഷയെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. കോടതിയിൽ തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു.
എന്നാൽ ഇത് കള്ളനോട്ട് സംഘത്തെ രക്ഷിക്കാനുള്ള ശ്രമമാണോയെന്നാണ് പൊലീസിന്റെ സംശയം. ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ ബാങ്ക് ശാഖയിൽ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ നോട്ടുകളാണ് ജിഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. 500 രൂപയുടെ ഏഴ് നോട്ടുകളാണ് വ്യാപാരി ബാങ്കിൽ കൊടുത്തത്. നോട്ട് കണ്ട് സംശയം തോന്നി ബാങ്ക് മാനേജർ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് മനസിലാകുന്നത്.
ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നോട്ടുകൾ ജിഷയുടെ വീട്ടിൽ നിന്നാണ് വ്യാപാരിയുടെ കയ്യിലെത്തിയതെന്ന് കണ്ടെത്തിയത്. ടാർപോളിൻ വാങ്ങിയതിൻറെ വിലയായി ജിഷയുടെ ജോലിക്കാരൻ കുഞ്ഞുമോൻ 3,500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപാരിക്ക് കൈമാറിയത്. ഈ പണം കുഞ്ഞുമോന് നൽകിയത് ജിഷയാണ്.
തുടർന്ന് ജിഷയെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവതി കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നോട്ടുകളുടെ ഉറവിടം വെളിപ്പെടുത്താൻ തയാറായിട്ടില്ല. അതേസമയം ജോലിക്കാരന് നൽകിയത് വ്യാജ നോട്ടുകളാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് പൊലീസിനോട് ഇവർ സമ്മതിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'കണ്ണൂരില്‍ പിള്ളമാരില്ല'; അങ്ങനെയൊരാളെ അറിയില്ല, ആയിരം തവണ കേസ് കൊടുക്കും
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ