അടിയന്തര ഘട്ടത്തില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാം; കരുതല്‍ കിറ്റുമായി ആരോഗ്യവകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 04:40 PM  |  

Last Updated: 11th March 2023 04:40 PM  |   A+A-   |  

health_kit

കരുതല്‍ കിറ്റ് ഉദ്ഘാടനം

 


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നൂതന സംരംഭമാണിത്. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ആദ്യ കിറ്റ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഫലപ്രദമായും ഗുണമേന്മയോടും കൂടി ഉറപ്പാക്കുവാന്‍ പറ്റുന്ന തരത്തിലാണ് കരുതല്‍ കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മരുന്നുകള്‍ ഉള്‍പ്പെടെ 10 ഇനം ചികിത്സാ സാധന സാമഗ്രികള്‍ ഈ കിറ്റിലുണ്ട്. കെഎംഎസ്‌സിഎല്‍-ന് കീഴിലുള്ള കാരുണ്യ ഫര്‍മസികള്‍ വഴി 1000 രൂപയ്ക്ക് താഴെ കിറ്റ് ലഭ്യമാകും. ആശാഡ്രഗ് കിറ്റ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കുള്ള കിറ്റുകള്‍, സ്‌കൂളുകള്‍ വഴി വിതരണം ചെയ്യാവുന്ന പ്രാഥമിക ചികിത്സാ കിറ്റുകള്‍ എന്നിവയും ഇനി കരുതല്‍ കിറ്റ് എന്ന പേരിലായിരിക്കും കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാകുക.

ഈ വാര്‍ത്ത കൂടി വായിക്കൂ കാറുമായി കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി; മൂന്ന് പേരുടെ നില ഗുരുതരം 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ