പിണറായി നികൃഷ്ടമായ മനസിന് ഉടമ, അല്ലെങ്കില്‍ ഭൂമിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് അങ്ങനെ പറയില്ല; കെ കെ രമ 

മുഖ്യമന്ത്രി പിണറായി വിജയന്‍ നികൃഷ്ടമായ മനസിന് ഉടമയെന്ന് ആര്‍എംപി നേതാവ് കെ കെ രമ
കെ കെ രമ, പിണറായി വിജയന്‍
കെ കെ രമ, പിണറായി വിജയന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നികൃഷ്ടമായ മനസിന് ഉടമയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിന് ശേഷം കൂടുതല്‍ ശക്തമായി കുലംകുത്തി എന്ന് വിളിക്കണമെങ്കില്‍ ചെറിയ മനസ് പോരാ. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയനും പങ്കുണ്ടെന്ന സംശയത്തിന് ബലം നല്‍കാന്‍ അതുമതിയെന്നും കെ കെ രമ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ കെ രമ.

' ടിപിയുടെ മരണത്തിന് ശേഷം ജയിലില്‍ പോയി പ്രതികളെയൊക്കെ കണ്ട് ആരാണ് നിര്‍ദേശം നല്‍കിയത് എന്ന് ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്. വേറെ ഏതെങ്കിലും രൂപത്തില്‍ പോയി അന്വേഷിച്ചാലോ എന്ന് തോന്നിയ സമയവുമുണ്ട്. വല്ലാത്തൊരു നീറ്റല്‍ ആണ് മനസില്‍. ചില സമയങ്ങളില്‍ പിടിവിട്ട് പോകാറുണ്ട്. അത് പുറത്ത് അറിയിക്കാറില്ല. പ്രത്യേകിച്ച് തനിച്ചാണ് വീട്ടില്‍. ചില രാത്രികളില്‍ ഉറങ്ങാറെ ഇല്ല. മരുന്ന് ഒക്കെ കഴിക്കുന്നുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയനും പങ്കുണ്ടെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ഒരു വ്യക്തി മുന്നില്‍ ഇരിക്കുമ്പോള്‍, അന്ന് ഫോട്ടോയെടുക്കുന്ന സമയത്ത് കണ്ടപ്പോഴും എന്റെ ഉള്ളില്‍ ആ ചിന്തയുണ്ടായിരുന്നു. എന്റെ മരണം വരെ ആ ചിന്ത പോകില്ല'- കെ കെ രമ പറഞ്ഞു.

'നേരത്തെ കുലംകുത്തി എന്ന് വിശേഷിപ്പിച്ച വ്യക്തി.അതാണ് പിണറായിയെ പറയാനുള്ള ഏറ്റവും പ്രധാന കാരണം.മരിച്ച് കഴിഞ്ഞ് ഭൂമിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് ആരോപണം പറയാന്‍ ഒരാളും തയ്യാറാവില്ല. അല്ലെങ്കില്‍ അത്രയും നികൃഷ്ടമായ മനസിന് ഉടമയായിരിക്കണം. ടിപി മരിച്ച് രണ്ടുദിവസത്തിന് ശേഷം പത്രസമ്മേളനത്തില്‍ കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് പറയണമെങ്കില്‍ ആ മനസില്‍ എത്രമാത്രം വിദ്വേഷം ഉണ്ടാവും, പകയുണ്ടാവും. ചെയ്യാത്ത ഒരാള്‍ക്ക്, സന്തോഷിക്കാത്ത ഒരാള്‍ക്ക് ഇങ്ങനെ പറയാന്‍ സാധിക്കുമോ. അതാണ് പ്രധാനമായ ചോദ്യം. അതുകൊണ്ട് തന്നെയാണ്. സാധാരണ മനുഷ്യനായി ടിപിയെ കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?. മനുഷ്യന്‍ എന്ന നിലയ്ക്ക് ആര്‍ക്കെങ്കിലും പറ്റുമോ?. ശത്രുതയുണ്ടാകും, ദേഷ്യമുണ്ടാവും. എന്നാല്‍ മരിച്ചു കഴിഞ്ഞാല്‍ ആരും ഒന്നും പറയാറില്ല. മരിച്ചുകഴിഞ്ഞതിന് ശേഷം നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ശക്തമായി പറയണമെങ്കില്‍ ചെറിയ മനസ് പോരാ. എന്റെ സംശയത്തിന് ബലം നല്‍കാന്‍ അതുമതി. വിദ്വേഷം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്'- കെ കെ രമ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com