'ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയും'; അമിത് ഷാ ഇന്ന് കേരളത്തിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2023 06:59 AM |
Last Updated: 12th March 2023 06:59 AM | A+A A- |

അമിത് ഷാ
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരെത്തും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നോടിയായിട്ടാണ് സന്ദർശനം. ഉച്ചയ്‌ക്ക് നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30 ഓടെ ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തും. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സാമാധി സ്ഥലത്ത് പുഷ്‌പാർച്ചന നടത്തും.
മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലം യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. വരുന്ന തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് മാർഗരേഖ നേതാക്കന്മാരുമായി ചർച്ച ചെയ്യും. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 4.30ന് നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും.
ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. പാർട്ടിപദവി അനുസരിച്ച് ഏറെപ്പേരെ മറികടന്നാണ് സുരേഷ് ഗോപി വേദിയിലെത്തുന്നത്. പ്രസംഗിക്കാൻ അനുവദിച്ചാൽ ഒരുപക്ഷേ വരുന്ന തെരഞ്ഞെടുപ്പിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാകുമിത് എന്നാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ