കൊച്ചി: ബ്രഹ്മപുരം പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് നടൻ മമ്മൂട്ടി. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വത പരിഹാരമാണ്. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യെന്നും രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.
'ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുനെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്'– ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞു.
'ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അവിടത്തെ പ്രശ്നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കിൽ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലിൽ വച്ചു മാറിനിന്ന് ആരോപണങ്ങൾ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്'- അദ്ദേഹം ഓർമ്മപ്പെടുത്തി.
'പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിർത്തണം. ജൈവമാലിന്യങ്ങൾ വേറിട്ട് സംഭരിച്ച് സംസ്കരിക്കുകയോ ഉറവിട സംസ്കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളർന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്'- അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates