ഫ്ലാറ്റ്, അപ്പാർട്ട്മെന്റ് മുദ്രപ്പത്ര നിരക്ക് കൂട്ടി; വർധന ഏപ്രിൽ ഒന്ന് മുതൽ 

സ്റ്റാംപ് ഡ്യൂട്ടി അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമാക്കികൊണ്ട് നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: ഫ്ലാറ്റ്, അപ്പാർട്ട്മെന്റ് എന്നിവ നിർമിച്ച് ആറ് മാസത്തിനകം കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് കൂട്ടി. സ്റ്റാംപ് ഡ്യൂട്ടി അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമാക്കികൊണ്ട് നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്ന് മുതലാണ് വർധന പ്രാബല്യത്തിലാകുക. 

2010ലാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് ആറ് മാസത്തിനുള്ളിൽ കൈമാറുന്ന ഫ്ലാറ്റുകൾ‌ക്ക് മുദ്രപ്പത്ര നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ചത്. അതേസമയം ഇത് ഏഴ് ശതമാനമാക്കുമെന്ന് ബജറ്റിൽ മന്ത്രി കെ എൻ ബാലഗോപാൽ‌ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വർധന. 

തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കെട്ടിട നമ്പർ‌ ലഭിക്കുന്ന ദിവസത്തെയാണ് നിർമാണം പൂർത്തിയായ ദിവസമായി കണക്കാക്കുക. ഇതനുസരിച്ചാണ് ആറ് മാസം കാലയളവ് നിശ്ചയിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ആധാരത്തിൽ 25 ലക്ഷം രൂപ വില കാണിക്കുന്ന ഫ്ലാറ്റിന് ഏപ്രിൽ ഒന്ന് മുതൽ 1.75 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടി നൽകേണ്ടി വരും. നിലവിൽ 1.25 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടി നൽകിയാൽ മതി. ആറ് മാസത്തിന് ശേഷം രജിസ്റ്റർ ചെയ്യുന്ന ഫ്ലാറ്റുകൾ‌ക്കും അപാർട്മെന്റുകൾക്കും വിലയുടെ എട്ട് ശതമാനമാണ് സ്റ്റാംപ് ഡ്യൂട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com