'ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവർ, അതിനൊരു കുഴപ്പവുമില്ല'- രൂക്ഷ വിമർശനവുമായി കെബി ​ഗണേഷ് കുമാർ

By സമകാലിക മലയാളം ഡെസ്ക്  |   Published: 14th March 2023 09:27 AM  |  

Last Updated: 14th March 2023 09:27 AM  |   A+A-   |  

KB GANESH KUMAR

കെബി ​ഗണേഷ് കുമാർ/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: ആരോ​ഗ്യ വകുപ്പിലെ ചില ഡോക്ടർമാർ തല്ല് ചോദിച്ചു വാങ്ങുകയാണെന്ന് കെബി ​ഗണേഷ് കുമാർ എംഎൽഎ. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ നിയമസഭയിൽ അദ്ദേഹം സർക്കാർ ഡോക്ടർമാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ആരോ​ഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ അടിയന്തരമായി എത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ‌തന്റെ മണ്ഡലത്തിലെ ഒരു വിധവയായ സ്ത്രീ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. 

ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവരാണ്. തല്ല് അവർ ചോദിച്ചു വാങ്ങുകയാണ്. 70 ശതമാനം ഡോക്ടർമാരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. ബാക്കിയുള്ള 30 ശതമാനമാണ് ആരോഗ്യ വകുപ്പിന്റെ പേര് മോശമാക്കുന്നത്. ചിലർക്ക് കിട്ടേണ്ടത് തന്നെ ആണ് അതിനൊരു കുഴപ്പവുമില്ല. ആരോഗ്യ വകുപ്പിലെ ഇത്തരം കുഴപ്പക്കാരെ നിയന്ത്രിക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനാപുരത്തു നിന്നുള്ള 48 കാരിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിദ​ഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അവരെ അഡ്മിറ്റ് ചെയ്യാനോ മതിയായ ചികിത്സ നൽകാനോ ജനറൽ സർജറി വിഭാഗം തലവൻ ഡോ. ആർസി ശ്രീകുമാർ തയ്യാറായില്ല. സർജറിക്കു വേണ്ടി കീറിയ മുറിവ് തുന്നിക്കെട്ടാതെ ആ രോഗി ദുരിതം അനുഭവിക്കുകയാണ്. ചക്ക വെട്ടിപ്പൊളിച്ചത് പോലെ അവരുടെ വയർ കീറി വച്ചിരിക്കുകയാണെന്നും പഴപ്പടക്കം വന്ന് ആ സ്ത്രീ വല്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും എംഎഎൽഎ വിശദീകരിച്ചു. 

ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ സൂപ്രണ്ട് നിർദ്ദേശിച്ചെങ്കിലും ഇതു ചെയ്യാതെ ഡോ. ശ്രീകുമാർ മുങ്ങി. ഈ സ്ത്രീ ഡോ. ശ്രീകുമാറിനെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. സർക്കാർ വിജിലൻസ് അന്വേഷണത്തിനു തയ്യാറായാൽ ഇതു സംബന്ധിച്ച വിവരങ്ങൾ താൻ നൽകാമെന്നും ഗണേഷ് അറിയിച്ചു.

രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച ഡോക്ടറെ കണ്ടെത്താനുള്ള അന്വേഷണം കേരള പൊലീസിനെ ഏൽപ്പിക്കണം. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി നിലച്ച മട്ടാണ്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി നേരിട്ട് ഇടപെടണം.

മുൻഗണന മറികടന്ന് രോഗികളെ ഡോക്ടറെ കാണിക്കാനും ഡോക്ടർമാരെ ഭീഷണിപ്പെടുത്താനുമായി പ്രവർത്തിക്കുന്ന ആശുപത്രി ഉപദേശക സമിതികളിലെ ആളുകളെ പിടിച്ച് പുറത്താക്കണം. ആരെയും തല്ലുന്ന ആശുപത്രി സെക്യൂരിറ്റിക്കാരെ മാന്യമായി പെരുമാറാൻ പരിശിലീപ്പിക്കണം. താൻ പറയുന്ന കാര്യങ്ങൾ സർക്കാരിനെതിരെയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും വ്യവസ്ഥിതിക്കെതിരെ പറയുന്നത് പൊളിറ്റിക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തലച്ചോറിൽ കാൻസർ; മൂന്ന് വയസുകാരിക്ക് അതി സങ്കീർണ ശസ്ത്രക്രിയ; സംസ്ഥാനത്ത് ആദ്യം; കുഞ്ഞ് അഷിഖ ജീവിതത്തിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ