'പിണറായി അച്ഛനോ അമ്മാവനോ അല്ല; മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍'

By സമകാലിക മലയാളം ഡെസ്ക്  |   Published: 16th March 2023 11:56 AM  |  

Last Updated: 16th March 2023 11:56 AM  |   A+A-   |  

swapna

സ്വപ്‌ന സുരേഷ്/ ഫയൽ

 

ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അയച്ച
വക്കില്‍ നോട്ടീസില്‍ പ്രതികരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. 'എനിക്ക് ഗോവിന്ദനെ അറിയില്ല.  എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും അറിയില്ല. നോട്ടീസ് കിട്ടുമ്പോള്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കും. ഒരു കോടി രൂപ അല്ലെങ്കില്‍ മാപ്പുപറയണമെന്നാണ് പറഞ്ഞത്. ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍ മാപ്പുപറയണമെങ്കില്‍'- സ്വപ്‌ന സുരേഷ് പറഞ്ഞു.

തന്റെ മനസാക്ഷിക്ക് മുന്നില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ല. ഷാജ് കിരണ്‍ വന്നപ്പോള്‍ ഗൂഢാലോചനയെന്ന് പറഞ്ഞ് പിസി ജോര്‍ജിനൊപ്പം കേസ് എടുത്തു. ഇപ്പോള്‍ വിജേഷ് പിള്ള വന്നതിന് പിന്നാലെ കണ്ണൂരില്‍ കേസ് എടുത്തു. ഇതിന്റെ പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസ് എടുത്താലും കേസിന്റെ അവസാനം കാണാതെ താന്‍ അടങ്ങില്ല. തന്റെ മരണം വരെ പോരാട്ടം തുടരുമെന്ന് സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹം പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്റെ അച്ഛനോ, അമ്മാവനോ അല്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി.  വിജേഷ് പിള്ള തന്നോട് പറഞ്ഞത് ഏതെങ്കിലും ഒരു കേസില്‍ അകത്താക്കുമെന്നാണ്. ഇപ്പോള്‍ സംഭവിച്ചതും അതാണെന്ന് സ്വപ്‌ന പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റെക്കോര്‍ഡ് ചെയ്തത് തെറ്റ്; ഇനി ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍; നടക്കുന്നത് ജനം കാണട്ടെയെന്ന് വിഡി സതീശന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ