10 മണിക്കൂര്‍ പൂട്ടിയിട്ടു; മുറിക്കുള്ളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചെന്ന ആരോപണവുമായി ലോ കോളജ് അധ്യാപിക

By സമകാലികമലയാളം ഡെസ്ക്  |   Published: 17th March 2023 12:28 PM  |  

Last Updated: 17th March 2023 12:28 PM  |   A+A-   |  

vk_sanju_law_college_teacher

പരിക്കേറ്റ അധ്യാപിക വികെ സഞ്ജു

 

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തര്‍ ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി അധ്യാപിക വികെ സഞ്ജു. പത്ത് മണിക്കൂറോളം നേരം അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടു. കഴുത്തിന് പരിക്കേറ്റതായും അസിസ്റ്റന്റ് പ്രൊഫസര്‍ വികെ സഞ്ജു പറഞ്ഞു. ഇന്നലെയായിരുന്നു എസ്എഫ്‌ഐ പ്രതിഷേധം. ലോ കോളജില്‍ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ 24 എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐക്കാരുടെ ഉപരോധം. 

കെഎസ് യുവിന്റെ കൊടിമരവും തോരണങ്ങളും കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ്  24 എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് അധ്യാപിക പറഞ്ഞു. ഇന്നലെത്തെ സമരത്തില്‍ പുറത്തുനിന്നെത്തിയവരും ഉണ്ടായിരുന്നു. താനടക്കം 21 അധ്യാപകരെ പത്ത് മണിക്കൂറോളം നേരം മുറിയില്‍ പൂട്ടിയിടുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും അധ്യാപിക പറഞ്ഞു. ശ്വാസംമുട്ടലുണ്ടെന്ന് കുട്ടികളെ അറിയിച്ചിട്ടും പുറത്തേക്ക് ഇറങ്ങാന്‍ അനുവദിച്ചില്ലെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കൊടിമരം നശിപ്പിച്ച സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ടെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസ്'; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു; നിയസഭ സമ്മേളിച്ചത് 9 മിനിറ്റ് മാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ