വനിതകള്‍ നിര്‍ണായക ശക്തി; കേരളം നമ്പര്‍ വണ്‍; വികസന നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ് രാഷ്ട്രപതി; വീഡിയോ

By സമകാലികമലയാളം ഡെസ്ക്  |   Published: 17th March 2023 03:19 PM  |  

Last Updated: 17th March 2023 03:19 PM  |   A+A-   |  

draupadi murmu

കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രപതി

 

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം ഉള്‍പ്പടെ കേരളത്തിന്റെ വിവിധ വികസന നേട്ടങ്ങളെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ -പുരുഷ അനുപാതം, സ്ത്രീ സാക്ഷരത ഉള്‍പ്പടെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് കേരളത്തിലാണെന്ന് മുര്‍മു പറഞ്ഞു. തിരുവനന്തപുരത്ത് കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. 

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പ്രധാന ഇടം നല്‍കുമ്പോള്‍ അത് സമൂഹത്തിന്റെ മൊത്തത്തിലുള്ള മുന്നേറ്റത്തിന് കാരണമാകുന്നു. കേരളത്തില്‍ സ്ത്രീകള്‍ കൂടുതല്‍ വിദ്യാഭ്യാസവും ശാക്തീകരണവും നേടിയിട്ടുണ്ട്. ഇത് കേരളത്തിന്റെ എല്ലാ വികസനമുന്നേറ്റത്തില്‍ സുപ്രധാനമായ പങ്കുവഹിച്ചെന്നും മുര്‍മു പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശൃംഖലകളിലൊന്നായി മാറാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. 1998ല്‍ അടല്‍ബിഹാരി വാജ് പേയ് പ്രധാമന്ത്രിയായിരിക്കെയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വേദിയില്‍ അദ്ദേഹത്തെ നന്ദിപൂര്‍വം സ്മരിക്കുന്നതായും മുര്‍മു പറഞ്ഞു. കേരളത്തിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭഗത്തില്‍പ്പെട്ടവരുടെ വികസനത്തിനായി ആരംഭിച്ച 'ഉന്നതി'ക്ക് തുടക്കമിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതിലൂടെ ഈ വിഭാഗത്തിലെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയം തൊഴിലിനും സാഹചര്യമൊരുക്കുമെന്ന് അവര്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ സാര്‍വലൗകിക കാഴ്ചപ്പാട് അനുകരണീയമാണ്. എല്ലാ മതത്തില്‍പ്പെട്ടവരും ഒരുമയോടെയും സൗഹാര്‍ദത്തോടെയുമാണ് ഇവിടെ ജീവിക്കുന്നത്. കേളത്തിലെ ഓരോ സാമൂഹിക മുന്നേറ്റങ്ങളിലും ചരിത്രത്തിലും സ്ത്രീ ശാക്തീകരണത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളുണ്ട്. ആയോധനകലയില്‍ ഉണ്ണിയാര്‍ച്ച, മുലക്കരം കൊടുക്കണമെന്ന അനാചാരത്തിനെതിരെ ജീവന്‍ നല്‍കിയ നങ്ങേലി, ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭ അംഗങ്ങളിലെ 15 പേരില്‍ മൂന്ന് വനിതകള്‍ കേരളീയരായിരുന്നെന്നും മുര്‍മു പറഞ്ഞു.

ഭരണഘടനാ അസംബ്ലിയിലേക്ക് തെരെഞ്ഞടുത്ത എക ദളിത് വനിത ദാക്ഷായണി വേലായുധന്‍, ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി വനിത ജഡ്ജി അന്ന ചാണ്ടി, സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജി ഫാത്തിമാ ബീബി എന്നിവരല്ലൊം കേരളീയരാണ്. കായികരംഗത്ത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനം നല്‍കിയ സ്ത്രീയാണ് പിടി ഉഷയെന്നും മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ