വിക്രം എത്തി, അരിക്കൊമ്പനെ പിടിക്കാൻ ഡമ്മി റേഷൻ കട, കഞ്ഞിവച്ച് വരുത്തും; ആദ്യ ദൗത്യസംഘം പുറപ്പെട്ടു

സിമന്റ് പാലത്തിനു മുൻപ് അരിക്കൊമ്പൻ തകർത്ത വീട്ടിലാണ് താത്കാലിക റേഷൻകട ഒരുക്കുക
അരിക്കൊമ്പൻ/ ഫയല്‍ ചിത്രം
അരിക്കൊമ്പൻ/ ഫയല്‍ ചിത്രം


തൊടുപുഴ; ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാൻ അരി ആയുധമാക്കാൻ അധിക‍ൃതർ.  ഡമ്മി റേഷൻ കട ഒരുക്കിയാവും ആനയെ ആകർഷിക്കുക. ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനായി ആദ്യ ദൗത്യസംഘം വയനാട്ടിൽ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കിയാനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. 

അരിക്കൊമ്പനെ പിടികൂടി ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം അവസാനഘട്ടത്തിലാണ്. ചിന്നക്കനാൽ സിനിമന്റ്പാലത്തിന് സമീപം റേഷൻകടയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കും. അരിക്കൊമ്പനെ ഇവിടേയ്ക്ക് ആകർഷിച്ച് പിടികൂടാനാണ് പദ്ധതി. സിമന്റ് പാലത്തിനു മുൻപ് അരിക്കൊമ്പൻ തകർത്ത വീട്ടിലാണ് താത്കാലിക റേഷൻകട ഒരുക്കുക. ഇവിടെ അരിയും മറ്റും സൂക്ഷിക്കും. ആനയെ ആകർഷിക്കുന്നതിനായി അരിവയ്ക്കും. 

ഭക്ഷണം പാകം ചെയ്യുന്നത് ഉൾപ്പടെ ആൾത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേയ്ക്ക് ആകർഷിക്കാനാണ് പദ്ധതി. വരും ദിവസങ്ങളിൽ അരി പാകം ചെയ്യുന്നത് നടപടിയിലേക്ക് കടക്കുമെന്ന് ചിന്നക്കനാലിലെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇവിടേക്ക് അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടിവച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം. 

വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകളെയും മുത്തങ്ങ ആനപ്പന്തിയിൽ നിന്നും ദൗത്യത്തിനായി കൊണ്ടുപോകും.പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ്‌ കുങ്കിയാനകളെ ഇടുക്കിയിലെത്തിക്കുന്നത്‌. രണ്ട്‌ ലോറികളിൽ ഒരെണ്ണം കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടതിനാൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. അടുത്ത ദിവസം തന്നെ വാഹനത്തിൽ രണ്ടാമത്തെ കുങ്കിയാനയേയും ഇടുക്കിയിലെത്തിക്കും. ഈ വാഹനങ്ങൾ തിരിച്ചെത്തി മറ്റ്‌ കുങ്കിയാനകളേയും കൊണ്ടുപോവും. ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘവും ആർആർടി അംഗങ്ങളുമാണ് ഇടുക്കിയിൽ‌ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനൊപ്പം ചേരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com