രാജ ക്രിസ്തുമത വിശ്വാസി, വിവാഹ ഫോട്ടോ തെളിവ്; സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു ഹൈക്കോടതി

തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റില്‍ വിജ്ഞാപനം  ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്
എ രാജ/ ഫയൽ ചിത്രം
എ രാജ/ ഫയൽ ചിത്രം

കൊച്ചി: ദേവികുളം എംഎല്‍എ എ രാജ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ടയാളെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. രാജയുടെ നാമനിര്‍ദേശം തന്നെ റിട്ടേണിങ് ഓഫീസര്‍ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളല്ല രാജയെന്ന് വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. 

രാജയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി സോമരാജനാണ് വിധി പ്രസ്താവിച്ചത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണ്. ഉത്തരവിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കൈമാറാനും കോടതി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റില്‍ വിജ്ഞാപനം  ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ക്രിസ്തീയ വിശ്വാസിയായ രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള തെറ്റായ രേഖകള്‍ സമര്‍പ്പിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുമാര്‍ കോടതിയെ സമീപിച്ചത്. ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തര്‍ ദമ്പതികളുടെ മകനായ രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണ്. രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണ്. ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നും ഡി കുമാര്‍ വാദിച്ചു. 

എ രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോയും പ്രാഥമിക തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമോദീസ സ്വീകരിച്ച ദമ്പതിമാരാണ് രാജയുടെ മാതാപിതാക്കളെന്നും കുമാര്‍ ചൂണ്ടിക്കാട്ടി. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതോടെ, നിയമസഭയില്‍ എല്‍ഡിഎഫ് അംഗബലം 98 ആയി കുറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com