'അരിക്കൊമ്പന്‍ മിഷന്‍' ; ശനിയാഴ്ച ചിന്നക്കനാലില്‍ നിരോധനാജ്ഞ; ദൗത്യത്തിന് 71 പേരുള്ള 11 ടീം

By സമകാലിക മലയാളം ഡെസ്ക്  |   Published: 21st March 2023 05:00 PM  |  

Last Updated: 21st March 2023 05:00 PM  |   A+A-   |  

ARIKOMBAN

അരിക്കൊമ്പൻ/ ഫയല്‍ ചിത്രം

 

ഇടുക്കി: ഇടുക്കിയില്‍ ജനവാസമേഖലയില്‍ ഇറങ്ങി നാട്ടുകാര്‍ക്ക് നാശം വിതക്കുന്ന ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാന്‍ പദ്ധതിയൊരുക്കി വനംവകുപ്പ്. ശനിയാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് തീരുമാനം. ചിന്നക്കനാല്‍ പഞ്ചായത്തില്‍ ദൗത്യം നടക്കുന്ന വാര്‍ഡുകളില്‍ 25 ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

25 ന് വെളുപ്പിന് നാലുമണിക്ക് അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കും. 301 കോളനിയില്‍ വെച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാല്‍ 301 കോളനിയിലെ ആളുകളെ മാറ്റുന്നതില്‍ നാളെ തീരുമാനമെടുക്കും. മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി ശനിയാഴ്ച കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും. അരിക്കൊമ്പന്‍ മിഷന്‍ പൂര്‍ത്തിയാക്കാന്‍ 71 പേരുള്ള 11 ടീമിനെ നിയോഗിച്ചു. 

ശനിയാഴ്ച വെളുപ്പിന് തന്നെ ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനു മുന്നോടിയായി തലേദിവസം മോക് ഡ്രില്ലും നടത്തും. അരിക്കൊമ്പനെ തളയ്ക്കുന്നതിനായി വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിലെത്തിച്ചിട്ടുണ്ട്. മൂന്നു കുങ്കിയാനകള്‍ കൂടി ഉടന്‍ ഇടുക്കിയിലെത്തും. അരിക്കൊമ്പനെ ആകര്‍ഷിക്കുന്നതിനായി, ഒറ്റയാന്റെ ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന 301 കോളനിയില്‍ താല്‍ക്കാലിക റേഷന്‍ കട സജ്ജമാക്കി. ഇവിടെ കഞ്ഞി വെച്ച് ആള്‍താമസമുണ്ടെന്ന സാഹചര്യം ഒരുക്കും. 

ഉദ്ദേശിച്ച സമയത്ത് കെണിയൊരുക്കിയ സ്ഥലത്ത് അരിക്കൊമ്പന്‍ എത്തിയാല്‍ മാത്രമേ ദൗത്യം നടപ്പാക്കാനാകൂവെന്ന് വനംവകുപ്പ് ഉന്നതതലയോഗത്തില്‍ വിലയിരുത്തി. അതുകൊണ്ടു തന്നെ അന്നുതന്നെ ദൗത്യം പൂര്‍ത്തിയാക്കാനാകുമോ എന്നതില്‍ കൃത്യമായി ഉറപ്പു പറയാനാകില്ലെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വെടിയേറ്റ ആന എങ്ങോട്ടാണ് ഓടുകയെന്നത് പറയാന്‍ കഴിയില്ലാത്തതിനാല്‍, പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

'അമിത അളവില്‍  മയക്കുമരുന്ന് നല്‍കി'; തിരുവനന്തപുരത്ത് 17കാരന്റെ മരണത്തില്‍ ദുരൂഹത; പരാതിയുമായി മാതാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ