സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍, തൃശൂരില്‍ മൂന്ന് പേര്‍ മരിച്ചു; പുതുതായി 210 പേര്‍ക്ക് രോഗം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2023 09:06 PM |
Last Updated: 22nd March 2023 09:06 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. പുതുതായി 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ എറണാകുളത്താണ്. 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്തായിരുന്നു. ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. തൃശൂരിലാണ് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
അതിനിടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് കോവിഡ് ജാഗ്രതാനിര്‍ദേശം നല്‍കി. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്‌ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. പുതിയ വകഭേദം വന്നിട്ടുണ്ടോ എന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും.
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ