കിടപ്പുമുറിയില്‍ നിന്ന് ദുര്‍ഗന്ധം; കട്ടിലിനടിയിലെ പുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക്;  അധ്യാപികയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മരിച്ച അനുമോള്‍
മരിച്ച അനുമോള്‍




തൊടുപുഴ:  കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന വീട്ടുകാര്‍, കിടപ്പുമുറിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് കട്ടിലനിടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മകളുടെ മൃതദേഹം. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച നടക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, വെള്ളിയാഴ്ചയാണ് അനുമോള്‍ വീട്ടിലെത്തിയത്. രാവിലെ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ഇറങ്ങിപ്പോയെന്ന് അറിയിച്ച ഭര്‍ത്താവ് വിജേഷിനെ കാണാതെയുമായി. 27കാരിയായ പേഴുംകണ്ടം വട്ടമുകളേല്‍ അനുമോളുടെ മരണത്തില്‍ നാട്ടുകാരും വീട്ടുകാരും ഞെട്ടിയിരിക്കുകയാണ്.

മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെ ഭര്‍ത്താവ് വിജേഷ് ഫോണില്‍ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് ശ്രദ്ധിച്ചു. തുടര്‍ന്നാണ് വീട്ടുകാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

തിങ്കളാഴ്ച വീട്ടുകാര്‍ അനുമോളുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. പൂട്ടിയിട്ട നിലയിലായിരുന്നു വീട്. വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുവഭപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവര്‍ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കുശേഷമേ ബുധനാഴ്ച മൃതദേഹം വീട്ടില്‍ നിന്ന് മാറ്റുകയുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com