ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസ്:  മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും; 110 പേരെ വെറുതെ വിട്ടു

പൊലീസ് അത്‌ലറ്റിക് മീറ്റ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്
ഉമ്മന്‍ചാണ്ടി/ ഫയല്‍ ചിത്രം
ഉമ്മന്‍ചാണ്ടി/ ഫയല്‍ ചിത്രം

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ദീപക് ചാലാടിന് മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സിഒടി നസീറിനും ബിജു പറമ്പത്തിനും രണ്ടു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ് കോടതി വിധിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ പരിക്കേല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് 324-ാം വകുപ്പ് പ്രകാരമാണ് ദീപക്കിനെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കേടുവരുത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് മറ്റു പ്രതികളെ ശിക്ഷിച്ചത്. 

113 പ്രതികളില്‍ 110 പേരെ കോടതി വെറുതെ വിട്ടു. സംഭവത്തില്‍ പ്രതികൾക്കെതിരായ ഗൂഢാലോചനക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് മൂവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

കേസില്‍ നസീര്‍ 18 -ാം പ്രതിയും ദീപക് 88-ാം പ്രതിയും ബിജു 99-ാം പ്രതിയുമാണ്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ നസീറിനെയും ദീപക്കിനെയും സിപിഎം പിന്നീട് പുറത്താക്കിയിരുന്നു. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് ഇപ്പോള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. ദീപക് മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ്. 

2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് അത്‌ലറ്റിക് മീറ്റ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. എല്‍ഡിഎഫ് ഉപരോധസമരത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. 

കോടതി വെറുതെ വിട്ടവരില്‍ മുന്‍ എംഎല്‍എമാരായ കെ കെ കൃഷ്ണന്‍, സി നാരായണന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. സംഭവം നടക്കുമ്പോള്‍ ഡിവൈഎഫ്‌ഐ തലശ്ശേരി ഭാരവാഹിയും നഗരസഭ കൗണ്‍സിലറുമായിരുന്നു നസീര്‍. ഡിവൈഎഫ്‌ഐ ഭാരവാഹികളായിരുന്നു ദീപക്കും ബിജു പറമ്പത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com