അരിക്കൊമ്പനെ കോളര്‍ ഘടിപ്പിച്ച് വിടുന്നത് പ്രായോഗികമല്ല; കോടതിയെ അറിയിച്ചെന്ന് ജോയ്‌സ് ജോര്‍ജ് 

ശാന്തന്‍പാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്‌സ് ജോര്‍ജ് ഹാജര്‍ ആയത്
ജോയ്‌സ് ജോര്‍ജ് മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്
ജോയ്‌സ് ജോര്‍ജ് മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ ജനങ്ങളുടെ പ്രശ്‌നം കോടതിയില്‍ ബോധിപ്പിച്ചു എന്ന് മുന്‍ എംപിയും അഭിഭാഷകനുമായ ജോയ്‌സ് ജോര്‍ജ്.  ആളുകള്‍  ഭീതിയില്‍ ആണ്. ഇത് കോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷ. കോളര്‍ ഘടിപ്പിച്ചു ആനയെ വിടുന്നത് പ്രായോഗികമല്ല എന്ന് കോടതിയില്‍ അറിയിച്ചതായും ജോയ്‌സ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ശാന്തന്‍പാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്‌സ് ജോര്‍ജ് ഹാജര്‍ ആയത്.

അരിക്കൊമ്പന്‍ വിഷയത്തില്‍ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് ഹൈക്കോടതി യോജിച്ചില്ല. വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ച്, സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റികൂടേ എന്ന് കോടതി വീണ്ടും ചോദിച്ചു.

രണ്ടുമണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കോടതിയുടെ നിര്‍ദേശം. അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്നതിനെതിരെയുള്ള സ്റ്റേ തുടരുമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു. 

അരിക്കൊമ്പനെ വെടിവെച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരു ആനയെ തടവിലാക്കിയത് കൊണ്ട് എന്താണ് കാര്യം? , ഒരു അരിക്കൊമ്പന്‍ പോയാല്‍ മറ്റൊരു അരിക്കൊമ്പന്‍ വരും. അതിനാല്‍ വിഷയത്തില്‍ ഒരു ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 

പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാം. സമിതി നേരിട്ട് പോയി പഠിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാം. അഞ്ചുദിവസത്തിനകം നേരിട്ട് പോയി പഠിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കണം. ഈ ദിവസങ്ങളില്‍ അരിക്കൊമ്പന്‍ വീണ്ടും പ്രശ്‌നം ഉണ്ടാക്കുകയാണെങ്കില്‍ മയക്കുവെടിവെച്ച് റേഡിയോ കോളര്‍ ധരിപ്പിച്ച് വിടാം എന്ന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചു. തുടര്‍ന്ന് ആനയെ നിരീക്ഷിക്കാവുന്നതാണ്. പിന്നാലെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശാശ്വത പരിഹാരം കാണാമെന്നും കോടതി വ്യക്തമാക്കി. 

അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗസംരക്ഷണ സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആനയെ മയക്കുവെടി വെയ്ക്കാന്‍ വനംവകുപ്പ് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതിനിടെയാണ് സംഘടന കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മയക്കുവെടി ദൗത്യം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com