'കേസ് കൊടുത്ത ആൾ ഒരാഴ്ച ഇവിടെവന്ന് താമസിക്കട്ടെ, ജഡ്ജിയായാലും മതി'; ജനങ്ങളുടെ ഡിമാൻഡ് ഇങ്ങനെയെന്ന് വനംമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2023 06:19 PM  |  

Last Updated: 29th March 2023 06:19 PM  |   A+A-   |  

saseendran_arikomban

എകെ ശശീന്ദ്രൻ/ ചിത്രം; ഫെയ്സ്ബുക്ക്, അരിക്കൊമ്പൻ/ ഫയൽ ചിത്രം

 

തിരുവനന്തപുരം; ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിൽ ആക്രമണം നടത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കാനുള്ള നടപടി തടഞ്ഞ ഹൈക്കോടതിക്കെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ആനയെ പിടിച്ച് അവിടത്തെ ഗുരുതര പ്രശ്നത്തിന് പരിഹാരം കാണാമായിരുന്നു എന്നാണ് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജനങ്ങൾ ഭീതിയിലാണ്. ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വരുന്ന ആനയുടെ കൊമ്പിന് എത്ര നീളമുണ്ടെന്ന് നോക്കിയിട്ട് അല്ലല്ലോ... വരുന്ന ആനയെ അല്ലേ തടയേണ്ടത്? കേസ് കൊടുത്ത ആൾ ഒരാഴ്ച ഇവിടെവന്ന് താമസിക്കട്ടെ എന്നാണ് ജനങ്ങൾ പറയുന്നത്. ജഡ്ജിയായാലും മതി. ഞാനങ്ങനെ പറയുന്നത് ശരിയല്ലല്ലോ. അങ്ങനെ ജനങ്ങളുടെയൊരു ഡിമാൻഡുണ്ട്. അത് നമുക്ക് കോടതിയിൽ വയ്ക്കാൻ സാധിക്കില്ലല്ലോ.- ശശീന്ദ്രൻ പറഞ്ഞു. 

ആനയെ പിടിച്ചാലേ റേഡിയോ കോളർ ഘടിപ്പിക്കാൻ പറ്റൂ. ആനയെ പിടിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നത് റേഡിയോ കോളർ ഘടിപ്പിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നതു പോലെയാണ്. ആകാശത്തുനിന്ന് ആനയ്ക്കു റേഡിയോ കോളർ ഘടിപ്പിക്കാൻ കഴിയില്ല. ആനയെ പിടിക്കുന്നതാണ് പ്രശ്നപരിഹാരത്തിന്റെ ആദ്യഘട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പിടികൂടിയതിനുശേഷം ആനയെ എന്തു ചെയ്യും എന്നതിലാണ് ഹർജിക്കാരുടെ ആശങ്ക എന്നാണ് ശശീന്ദ്രൻ പറയുന്നത്. 

ആനയെ പിടികൂടാതെ ഉൾക്കാട്ടിലേക്കു പറഞ്ഞു വിടാനേ സാധിക്കൂ. അതിൽ പ്രയോജനമില്ല. അരിക്കൊമ്പനെ പലതവണ ഉൾക്കാട്ടിലേക്ക് അയച്ചിട്ടും തിരികെ വന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് ഭീഷണിയാകുന്ന ആനയെ തടയേണ്ടതുണ്ട്. പ്രശ്ന പരിഹാരത്തിന് എന്താണ് ചെയ്യേണ്ടത് എന്നാണ് കോടതിയോട് ചോദിക്കുന്നത്. മെച്ചപ്പെട്ട നിർദേശം കോടതി തന്നാൽ സർക്കാർ മുഖം തിരിക്കില്ല. കോടതി വിധി വന്നാൽ ഉന്നതതല ആലോചന നടത്തും. അഡ്വ.ജനറൽ അടക്കമുള്ളവരുമായും വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായും ആലോചിച്ച് തീരുമാനമെടുക്കും. ഇതര സംസ്ഥാനങ്ങൾക്ക് വന്യ മൃഗങ്ങളെ കൊടുക്കാൻ തയാറാണ്. പക്ഷേ പിടിച്ചാലേ കൊടുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ